ഹിജാബ് വിലക്ക് ഹൈക്കോടതി ശരിവച്ചു; ഹര്‍ജികള്‍ തള്ളി

ബെംഗളുരു- സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം (ഹിജാബ്) ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചു. ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും കോടതി തള്ളി. ഇസ്ലാം മതാചാര പ്രകാരം ശിരോവസ്ത്രം നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറഞ്ഞത്. യൂനിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

ഹിജാബ് വിലക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് ഒരു പറ്റം വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂനിഫോം മൗലികാവകാശത്തിനു മേല്‍ ന്യായമായ നിയന്ത്രണമാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് ഒരു കേസിന് അടിസ്ഥാനമാക്കാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.

Latest News