Sorry, you need to enable JavaScript to visit this website.

ലൈംഗിക ഉദ്ദേശത്തോടെ ടീച്ചറെ ഹോട്ടലിലേക്ക്  ക്ഷണിച്ച ഉദ്യാഗസ്ഥന് സസ്‌പെന്‍ഷന്‍ 

തിരുവനന്തപുരം- പിഎഫ് അക്കൗണ്ടിന്റെ പ്രശ്‌നപരിഹാരത്തിനു സഹായം തേടിയ അധ്യാപികയെ ലൈംഗികോദ്ദേശ്യത്തോടെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്നു വിജിലന്‍സ് പിടിയിലായ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് സി.ആര്‍.വിനോയ് ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു.
കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ജീവനക്കാരനായ വിനോയ് ഗവ.എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രോവിഡന്റ് ഫണ്ടിന്റെ(ഗെയ്ന്‍ പിഎഫ്) സംസ്ഥാന നോഡല്‍ ഓഫിസര്‍ ആണ്. പിഎഫ് വിഷയത്തില്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ട അധ്യാപികയോട് അപമര്യാദയായി സംസാരിക്കുകയും അത്തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനു പ്രതിഫലമായി ഹോട്ടല്‍ മുറിയില്‍ വരണമെന്നു നിര്‍ദേശിച്ചതോടെ അധ്യാപിക വിജിലന്‍സില്‍ പരാതിപ്പെട്ടു.
കോട്ടയത്തെത്തി ഹോട്ടല്‍ മുറിയെടുത്ത ഇയാളെ അടുത്ത മുറിയില്‍ കാത്തിരുന്നാണ് കഴിഞ്ഞ 10 ന് വിജിലന്‍സ് സംഘം പിടികൂടിയത്. അധ്യാപികയോട് ഒരു ഷര്‍ട്ട് കൂടി വാങ്ങിവരാന്‍ ഇയാള്‍ നിര്‍ദേശിച്ചിരുന്നു. ഫിനോഫ്തലിന്‍ പൊടി പുരട്ടി വിജിലന്‍സ് നല്‍കിയ ഷര്‍ട്ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിനു പിന്നാലെയായിരുന്നു തെളിവു സഹിതമുള്ള അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും കടുത്ത അച്ചടക്ക ലംഘനവും കൃത്യവിലോപവും കാട്ടിയെന്നും വകുപ്പുതല അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണു സസ്‌പെന്‍ഷന്‍.സിപിഎം അനുകൂല എന്‍ജിഒ യൂണിയനില്‍ നിന്നു വിനോയ് ചന്ദ്രനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കണ്ണൂര്‍ സ്വദേശിയാണ്. മുന്‍പും ഇതേ രീതിയില്‍ ഇയാള്‍ അധ്യാപികമാരെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നതടക്കം വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
 

Latest News