ന്യൂദല്‍ഹി- പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തൈ മറികടക്കാന്‍ കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കാനൊരുങ്ങുന്ന റഷ്യയില്‍ നിന്ന് ലാഭ നിരക്കില്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയുടെ നീക്കം. എണ്ണ എത്തിക്കുന്നതിന് കപ്പലുകളുടെ ലഭ്യതയും ഇറക്കുമതിക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും സംബന്ധിച്ച വിഷയങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഇന്ത്യയുടെ നീക്കം. റഷ്യന്‍ ബാങ്കുകള്‍ക്കും റഷ്യയുടെ അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധമുണ്ട്. ഈ സാഹചര്യത്തില്‍ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇതു മറികടക്കാന്‍ താങ്ങാവുന്ന നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ലഭ്യമാക്കുന്നതിന് റഷ്യന്‍ ബാങ്കുകളുമായി ഇന്ത്യന്‍ അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്. റഷ്യ ഇന്ത്യയ്ക്ക് വന്‍ വിലക്കുറവാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റിപോര്‍ട്ടുണ്ട്. ഉപരോധമുള്ളതിനാല്‍ രൂപയില്‍ ഇടപാടു നടത്തുന്നതിന്റെ സാധ്യതയും ഇന്ത്യ പരിഗണിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. കഴിഞ്ഞ വര്‍ഷം പ്രതിദിനം 43,400 ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
ഉപരോധമുണ്ടെങ്കിലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ യുഎസ് മാത്രമാണ് റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുറോപ്യന്‍ രാജ്യങ്ങളെല്ലാം ഇപ്പോഴും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ടാങ്കറുകളുടെ ലഭ്യതയും ഇന്‍ഷൂറന്‍സ് ചെലവും മാത്രമാണ് പരിഹരിക്കപ്പെടാനുള്ളത്. ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കി റഷ്യയില്‍ നിന്ന് എണ്ണ എത്തിക്കുന്നത് ലാഭകരമല്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 86 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ധന വീണ്ടും ഉയര്‍ന്നാല്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടവരികയും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയും ചെയ്‌തേക്കുമെന്ന ഭീതിയുള്ളതിനാല്‍ ഇന്ത്യയില്‍ മാസങ്ങളായി ഇന്ധന വില വര്‍ധന ഉണ്ടായിട്ടില്ല.