Sorry, you need to enable JavaScript to visit this website.

കുറ്റിപറിക്കാൻ വന്നാൽ  തല്ലു കിട്ടുമെന്ന് ഷംസീർ, തിരിച്ചും കിട്ടുമെന്ന് മുനീർ

തല്ലുമെന്ന് മുഖത്തു നോക്കി പറയുന്നവരോട് ഇങ്ങോട്ട് തല്ലിയാൽ അങ്ങോട്ടും കിട്ടുമെന്ന് വീര്യം കാണിക്കാൻ ഡോ. എം.കെ. മുനീറിന് ഇന്നലെ അവസരം കിട്ടി. അതൊരു സ്വാഭാവിക പ്രതികരണമായി എല്ലാവർക്കും തോന്നി. സിൽവർലൈനിനെതിരെയുള്ള അടിയന്തര പ്രമേയ ചർച്ചക്കിടെയാണ് സി.പി.എമ്മിലെ എ.എൻ. ഷംസീർ പാർട്ടി വീര്യം ആവാഹിച്ച് കെ-റെയിലിനിട്ട കുറ്റി പറിക്കാൻ സമരവുമായി എത്തുന്നവർക്ക് തല്ലു കിട്ടുമെന്ന് ധൈര്യശാലിയായി വിഷയം കത്തിച്ചത്.  
പ്രതിപക്ഷത്തിന് വിമോചന സമരം തികട്ടി വരുന്നുണ്ടെന്നാണ് ഷംസീറിന് തോന്നുന്നത്. ദേശീയ പാതകൾക്കും ജലപാതകൾക്കും മറ്റ് വികസന പദ്ധതികൾക്കുമെതിരായി ഇവന്റ് മാനേജ്മെന്റ് സമരമാണ് കോൺഗ്രസും മുസ്‌ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷം നടത്തുന്നത്. ബി.ജെ.പിയും സാമുദായിക, മൗദൂദിസ്റ്റുകളും ഇവർക്കൊപ്പം ചേരുന്നു. രണ്ടാം വിമോചന സമരത്തിനാണ് ഒരുങ്ങുന്നതെങ്കിൽ എൽ.ഡി.എഫ് അത് അനുവദിക്കില്ല. തൂണുകൾ തകർക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ പോലീസിന്റെ മർദനം ഏൽക്കേണ്ടിയും വരും. ഓർത്താൽ നല്ലത്. 
പ്രതിപക്ഷ എതിർപ്പ് മറികടന്ന് കേരളത്തിൽ സിൽവർലൈൻ നടപ്പാക്കാൻ കഴിയില്ലെന്നായിരുന്നു ഡോ. എം.കെ. മുനീറിന്റെ ധൈര്യം. എന്ത് വിലകൊടുത്തും പദ്ധതിയെ എതിർക്കും. എതിർക്കുന്നവരെ തല്ലി തോൽപിക്കാൻ കേരളം കമ്യൂണിസ്റ്റ് ഗ്രാമമല്ലെന്ന് എ.എൻ. ഷംസീർ ഓർക്കുന്നത് നന്നായിരിക്കും. ബജറ്റ് ചർച്ചയിൽ സംസാരിച്ച എൻ.എ. നെല്ലിക്കുന്ന് ഷംസീറിന് മന്ത്രി സ്ഥാനം കിട്ടാത്തകാര്യം വീണ്ടും കുത്തിപ്പൊക്കി. പറയുന്നതെല്ലാം കള്ളമാണെങ്കിലും ഷംസീറിന്റെ ചാനൽ ചർച്ചയൊക്കെ കേൾക്കാൻ നല്ല രസമായിരുന്നു. പക്ഷെ എന്ത് ഫലം. നിയമ സഭയിലേക്ക് ഷംസീർ വരുന്നത് പി.എയുടെ ഇരു ചക്രവാഹനത്തിന്റെ പിന്നിലിരുന്നൊക്കെയാണ്. മന്ത്രിമാർ സഞ്ചരിക്കുന്ന പത്രാസുള്ള കാറിൽ കയറാൻ യോഗമുണ്ടായില്ലല്ലോ -പാവം. പരിഹസിക്കാൻ പ്രത്യേക വിരുതുള്ള നെല്ലിക്കുന്ന് ഷംസീറിനെ വിടാതെ പിടിച്ചു. കേരളത്തിലും  ഒരു നന്ദിഗ്രാം ചിലയാളുകൾ സ്വപ്‌നം കാണുന്നുണ്ടെന്നാണ് സി.പി.എമ്മിലെ ഐ.ബി. സതീശിന് തോന്നുന്നത്. കേരളത്തിൽ അതൊരു സ്വപ്‌നമായി തന്നെ അവശേഷിക്കുമെന്ന് സതീശനുറപ്പ്. കാരണം കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. കെ-റെയിലിന് അനൂപ് ജേക്കബ് ശക്തിയുള്ളൊരു വിശേഷണം കൊടുത്തു -ജിയോഗ്രാഫിക്കൽ ബോംബ്- അതെന്താണെന്ന് തനിക്ക് മനസ്സിലായില്ലെന്നറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രയോഗത്തിലെ ദുഷ്ടലാക്ക് ഉറപ്പിച്ചു. സി.പി.എമ്മിലെ വി . ജോയ് പി.ജെ. ജോസഫിന്റെ മനസ്സിലേക്കാണ് ശ്രദ്ധാപൂർവം നോക്കിയത്. ജോസഫ് ഇപ്പോൾ യു.ഡി.എഫ് പക്ഷത്താണെങ്കിലും മനസ്സ് ഇടതു മുന്നണിക്കൊപ്പമാണത്രെ. എന്താ അങ്ങോട്ടെടുക്കുന്നോ ? എന്നാരും ചോദിച്ചു കേട്ടില്ല. യു.പിയിലും മറ്റും കോൺഗ്രസ് തോറ്റതിന്റെ പേരിൽ ആഹ്ലാദം കൊണ്ട് ഭരണ കക്ഷിക്കാരെ കോൺഗ്രസിലെ റോജി എം . ജോൺ നേരിട്ടത് അവിടങ്ങളിലൊക്കെ, പ്രത്യേകിച്ച് ഡി.വൈ.എഫ്.ഐ ജനിച്ചു വീണ പഞ്ചാബിൽ സി.പി.എമ്മിന് കിട്ടിയ ശൂന്യ
, ശൂന്യത്തിന്റെ കാര്യം പറഞ്ഞാണ്. സി.പി.എമ്മുകാരുടെ മട്ടും ഭാവവും കണ്ടാൽ അവിടെയൊക്കെ അവരാണ് ജയിച്ചതെന്ന് തോന്നും. എന്തായാലും ബജറ്റ് കൊണ്ട് ഒരു ഗുണമുണ്ടായെന്നാണ് റോജി പറയുന്നത്. ലോക സമാധാനം വരും. ലോക സമാധാന സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായി പി. ജയരാജനെ തന്നെ നിയമിക്കണം കേട്ടോ. ലീഗുകാരെ യു.പിയിലെ കോൺഗ്രസുകാർ പ്രചാരണ വാഹനത്തിന്റെ ഡിക്കിയിൽ പോലും കയറ്റിയില്ലെന്ന് സി.പി.എമ്മിലെ മുഹമ്മദ് മുഹ്‌സിനറിയാം. അതുകൊണ്ടാണ് അവർ ഉവൈസിക്കൊപ്പം പോയത്. ഗുണം കിട്ടിയത് ബി.ജെ.പിക്കാണെന്നും മുഹ്‌സിനുറപ്പ്. കെ-റെയിൽ വിരുദ്ധ സമര രംഗത്തുള്ള തീവ്ര ഇടതു നിലപാടുകാരെയും, മുസ്‌ലിം സമര ഗ്രൂപ്പുകളെയും മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് വേറെ ചില കൂട്ടർ എന്ന നിസ്സാരവൽക്കരണ പദം ചേർത്താണ്. അതെ, സി.പി.എമ്മിന് ഇഷ്ടമല്ലാത്ത കൂട്ടർ. യു.പി തോൽവിയൊന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പി.സി. വിഷ്ണു നാഥിന്റെയുമൊന്നും ഇടപെടൽ ശക്തിക്ക് തരിമ്പും കോട്ടം വരുത്തിയിട്ടില്ലെന്ന് കെ-റെയിൽ അടിയന്തര പ്രമേയ ചർച്ച ഘട്ടം തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ രേഖകളുടെ പിൻബലത്തിലാണ് സതീശൻ നേരിട്ടത്. 

കെ-റെയിൽ പദ്ധതി നടപ്പാക്കാനായി സർക്കാർ ഡാറ്റാ തട്ടിപ്പ് നടത്തിയെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ചു. യാത്രാക്കാരുടെ എണ്ണം മുതലുള്ള കാര്യങ്ങളിൽ പ്രാഥമിക സാധ്യതാ പഠനം മുതൽ ഡി.പി.ആർ വരെയുള്ളവയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അടിമുടി ദൂരൂഹമായ പദ്ധതിയെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച പി.സി. വിഷ്ണുനാഥിന്റെ ആരോപണം. പ്രാഥമിക സാധ്യതാ പഠനം, അന്തിമ സാധ്യതാ പഠനം, ഡി.പി.ആർ എന്നിവയിലെ വ്യത്യസ്ത ഡാറ്റ ചൂണ്ടിക്കാട്ടിയായിരുന്നു വി.ഡി. സതീശന്റെ ക്രമക്കേട് ആരോപണം. ഡാറ്റ ഉണ്ടാക്കിയയാൾ ജയിലിൽ പോകേണ്ടിവരുമെന്നുറപ്പാണ്. മറ്റ് പൊതു ഗതാഗത സംവിധാനങ്ങളെയാകെ വിഴുങ്ങുന്ന പദ്ധതിയാണിത്. നിർമാണ ചിലവ് രണ്ട് ലക്ഷം കോടിയാകുമെന്ന് മനസ്സിലാക്കാൻ പാഴൂർപടിപ്പുര വരെ പോകേണ്ടതില്ല. ഏകാധിപതികൾ ഭരണത്തിൽ ചില ലക്ഷണങ്ങളൊക്കെ കാണിക്കും. അതാണ് പിണറായിയുടെ സമരം അടിച്ചമർത്തൽ.
സ്പീക്കർ എം.ബി. രാജേഷിന് ഒരബദ്ധം പറ്റി -കെ-റെയിൽ അടിയന്തര പ്രമേയ ചർച്ച കഴിഞ്ഞയുടൻ സഭ ഇപ്പോൾ പിരിയുന്നതും നാളെ രാവിലെ 9 മണിക്ക് വീണ്ടും സമ്മേളിക്കുന്നതുമാണ് എന്നങ്ങ് അനൗൺസ് ചെയ്തു. സർ...സർ..കഴിഞ്ഞിട്ടില്ല, കഴിഞ്ഞിട്ടില്ല എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് നിയമസഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ചാടി വീണില്ലായിരുന്നുവെങ്കിൽ സഭ പിരിയുമായിരുന്നു. ബജറ്റ് പൊതു ചർച്ചയിൽ പിന്നീടും നിരവധി അംഗങ്ങൾ പങ്കെടുത്ത ശേഷം സമയമെത്രയോ കഴിഞ്ഞാണ് സഭ പിരിഞ്ഞത്. നിയമസഭയുടെ ചരിത്രത്തിൽ ഇങ്ങിനെയൊരു സംഭവം അപൂർവം. സ്പീക്കർ ഖേദം പ്രകടിപ്പിച്ചു. 

Latest News