ലഖ്‌നൗ- യുപി തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം മത്സരിച്ച് പ്രകടനം മെച്ചപ്പെടുത്തിയ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) എല്ലാ സംസ്ഥാന, ജില്ലാ കമ്മിറ്റികളും പോഷക സംഘടനാ കമ്മിറ്റികളും പിരിച്ചു വിട്ടു. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിനായി പാര്‍ട്ടിയില്‍ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ഇതെന്ന് പാര്‍ട്ടി പറയുന്നു. പാര്‍ട്ടി അ്ധ്യക്ഷന്‍ ജയന്ത് ചൗധരിയുടെ നിര്‍ദേശ പ്രകാരം എല്ലാ കമ്മിറ്റികളേയും റദ്ദാക്കിയതായും തെരഞ്ഞെടുപ്പ് അവലോകനത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായും പാര്‍ട്ടി അറിയിച്ചു. ഈ സമിതി എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കും. ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഈ അവലോകനം പാര്‍ട്ടിയുടെ ശക്തി ദൗര്‍ബല്യങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും നിയമസഭാ തെരഞ്ഞെടിപ്പില്‍ പലയിടത്തും പാര്‍ട്ടി നേരിയ വോട്ടുകള്‍ക്കാണ് തോറ്റതെന്നും യുവ നേതാവ് രോഹിത് ഝാക്കര്‍ പറഞ്ഞു. 100ല്‍ താഴെ വോട്ടുകള്‍ക്കാണ് ഒരു സീറ്റില്‍ തോറ്റത്. ഇതു സൂചിപ്പിക്കുന്നത് മികച്ച പോരാട്ടമാണ് പാര്‍ട്ടി നടത്തിയതെന്നാണെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ 1.78 ശതമാനം വോട്ടുകളാണ് ആര്‍എല്‍ഡിക്ക് ലഭിച്ചിരുന്നതെങ്കില്‍ അത് ഇത്തവണ 2.85 ശതമാനമാക്കി ഉയര്‍ത്തി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിൽ എട്ടു സീറ്റുകളാണ് പാർട്ടി നേടിയത്. പലിടത്തും അടിത്തട്ടില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയെങ്കില്‍ ആര്‍എല്‍ഡി തോറ്റതിന്റെ കാരണം കണ്ടെത്താന്‍ ഈ അവലോകനം സഹായിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മാര്‍ച്ച് 21ന് ജയന്ത് ചൗധരി ലഖ്‌നൗവില്‍ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യ വോട്ട് ബാങ്കായ കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനും പുതിയ വോട്ടര്‍മാരെ കണ്ടെത്താനും അടിത്തട്ടില്‍ പല പദ്ധതികള്‍ക്കും ആര്‍എല്‍ഡി തുടക്കമിടാനിരിക്കുകയാണ്.