Sorry, you need to enable JavaScript to visit this website.

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

ന്യൂദല്‍ഹി- ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി. വിമാനത്താവള പദ്ധതി തീര്‍ഥാടക ടൂറിസത്തിനു വളര്‍ച്ചയുണ്ടാക്കുമെന്ന് സമിതി വിലയിരുത്തി. വ്യോമ, പ്രതിരോധ മന്ത്രാലയങ്ങള്‍ കെ.എസ്.ഐ.ഡി.സിയുമായി ചര്‍ച്ച നടത്തണമെന്നും തിരുവനന്തപുരം, കൊച്ചി ടൂറിസം സര്‍ക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

വിമാനത്താവള പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്നു ബി.ജെ.പി എം.പി ടി.ജി.വെങ്കിടേഷ് അദ്ധ്യക്ഷനായ പാര്‍ലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളിയിലാണ് ശബരിമല വിമാനത്താവളം സ്ഥാപിക്കാനുദ്ദേശിക്കുന്നത്. വിമാനത്താവളത്തിന് അനുമതി തേടി കെ.എസ്.ഐ.ഡിസി 2020 ജൂണില്‍ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കായി വ്യോമസേനയുടെ 'സൈറ്റ് ക്ലിയറന്‍സ്' ലഭിച്ചിട്ടുണ്ട്. മറ്റു നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതിക്ക് വേണ്ടി രണ്ടുകോടി വകയിരുത്തിരുന്നു. സാധ്യതാ പഠനത്തിനും വിശദപദ്ധതി രേഖക്കുമാണ് ഈ തുക വകയിരുത്തിയത്.

 

Latest News