ന്യൂദല്‍ഹി- വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂവിന്റെ പുനര്‍വികസനത്തിനായി സര്‍ക്കാര്‍ ഇതുവരെ 418.70 കോടി രൂപ ചെലവഴിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടം ഈ വര്‍ഷം മെയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.
2023 ഡിസംബറോടെ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും 608 കോടി രൂപ ചെലവ് കണക്കാക്കുന്നുവെന്നും 2021 ഡിസംബര്‍ 2 ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ലോക്‌സഭയെ രേഖാമൂലം അറിയിച്ചിരുന്നു.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ്, സെന്‍ട്രല്‍ വിസ്ത അവന്യൂ നിര്‍മാണം നടക്കുന്നതിനാല്‍ രാജ്പഥിലാണ് നടന്നത്.
വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെ രാജ്പഥിലൂടെയുള്ള മുഴുവന്‍ സെന്‍ട്രല്‍ വിസ്ത അവന്യൂവും പുനര്‍വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു.