കൊല്ലം- മകളെ ഉപേക്ഷിച്ച് പോയ സ്ത്രീയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് വില്ലേജില്‍ വലയികട ഫിഷര്‍മെന്‍ കോളനി ശാലോം നഗര്‍ 29 ല്‍ നീതു (29), പള്ളിത്തോട്ടം ജോനകപ്പുറം തോണ്ടാലില്‍ പുരയിടം ജെ.ആര്.എ 48 ല്‍ ഷാജന് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും കഴിഞ്ഞ ഒമ്പതിന് രാത്രി മക്കളേ ഉപേക്ഷിച്ച് ഒളിച്ചോടി പോകുകയായിരുന്നു.
നീതുവിന് 11 വയസ്സുള്ള മകളും ഒമ്പതു വയസ്സുള്ള മകനും ഷാജന് 11, ഏഴ്, അഞ്ച് വയസ്സ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളുമാണ്. ഇരുവരും പങ്കാളികളുമൊത്ത് കഴിഞ്ഞ് വരുന്നതിനിടയിലാണ് പരസ്പരം അടുപ്പത്തിലായത്. തുടര്‍ന്ന് ഷാജന് ഇവരെ ആലപ്പുഴയിലെ കൃഷ്ണപുരത്തേക്ക് കടത്തി കൊണ്ട് പോകുകയായിരുന്നു.
മാതാവിന്റെ പരാതിയില്‍ നീതുവിനെ കണ്ടെത്താന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ആലപ്പുഴ കൃഷ്ണപുരത്തുനിന്നും പിടികൂടുകയായിരുന്നു. സ്നേഹിച്ച് വിവാഹം കഴിച്ച സ്ത്രീയുമായി കഴിയവേയാണ് ഷാജന് നീതുവുമായി ഒളിച്ചോടിയത്. ഇരുവര്‍ക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്. ഏഴുവര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ ബേസില്‍, എന്‍.ആര്. സജീവ്, ഹിലാരിയോസ്, എ.എസ്.ഐ മാരായ ശ്രീകുമാര്‍, കൃഷ്ണകുമാര്‍, എസ്.സി.പി.ഒ മാരായ സുമാഭായി, ഗോപകുമാര്‍, അനില്‍കുമാര്‍, സി.പി.ഒ ലിനേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഷാജനെ കൊട്ടരക്കര സബ് ജയിലിലും നീതുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാന്റ് ചെയ്തു.