Sorry, you need to enable JavaScript to visit this website.

മുലായമിന്റെ മരുമകള്‍ അപര്‍ണ യാദവ് യോഗി മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും; പോലീസ് പ്രമുഖര്‍ക്കും സാധ്യത

ലഖ്‌നൗ- സമാജ്‌വാദി പാര്‍ട്ടി (എസ്.പി) രക്ഷാധികാരി മുലായം സിംഗ് യാദവിന്റെ മരുമകളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എയുമായ അപര്‍ണ യാദവ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ പുതിയ മന്ത്രിസഭയില്‍ ഇടംപിടിക്കുമന്ന് സൂചന നല്‍കി ചര്‍ച്ചകള്‍. രണ്ടാം യോഗി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ അല്ലെങ്കില്‍ മാര്‍ച്ച് 21 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗിയുടെ രണ്ടാം കാബിനറ്റില്‍  എത്തുമെന്ന് പ്രതീക്ഷിക്കുന്ന പേരുകളുടെ നീണ്ട പട്ടികയില്‍ അപര്‍ണ യാദവുമുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവും ബി.ജെ.പി എം.എല്‍.എയുമായ അദിതി സിംഗും മന്ത്രിസ്ഥാനം  പ്രതീക്ഷിക്കുന്നുണ്ട്.  രണ്ട് മുന്‍ പോലീസ് ഓഫീസര്‍മാരായ രാജേശ്വര്‍ സിംഗ്, അസിം അരുണ്‍ എന്നിവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നു.

ലഖ്‌നൗവിലെ സരോജിനി നഗര്‍ സീറ്റില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡോ രാജേശ്വര്‍ സിംഗ് ഉത്തര്‍പ്രദേശ് പോലിസില്‍ ഉദ്യോഗസ്ഥനായിരുന്നു. കനൗജ് (സദര്‍) മണ്ഡലത്തില്‍ നിന്നാണ്  അസീം അരുണ്‍ വിജയിച്ചത്. എഡിജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകനും നോയിഡ എം.എല്‍.എയുമായ പങ്കജ് സിങ്ങിനും യോഗി മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യോഗിയുടെ അടുത്തയാളും പത്രപ്രവര്‍ത്തകനുമായ ശലഭ് മണി ത്രിപാഠിയെയും യോഗി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പുതുമുഖങ്ങള്‍ക്ക് പുറമെ ഷാജഹാന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഒമ്പതാം തവണയും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഖന്നയെപ്പോലുള്ള പഴയ നേതാക്കളെയും മന്ത്രിമാരില്‍ ഉള്‍പ്പെടുത്താം.

 

Latest News