ന്യുദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വികസന വാഗ്ദാനങ്ങളോ ഹിന്ദുത്വ വാഗ്ദാനങ്ങളോ നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, ഏകസിവില്‍ സിവില്‍ കോഡ് എന്നിവ സംബന്ധിച്ച് നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്കായി പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് തൊഗാഡിയ കത്തെഴുതിയിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രധാനമന്ത്രിയെ നേരിട്ടു കാണണമെന്നാണ് ആവശ്യം.
തെരഞ്ഞെടുപ്പുകള്‍ ജയിക്കുക എന്നത് ശതമാനക്കണക്കുകളും വോട്ടര്‍ പട്ടികയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വെച്ചുള്ള കളി മാത്രമാണെന്നും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതാണ് ഒരു നേതാവിനെ ജനസ്വീകാര്യനാക്കുന്നെന്നും കത്തില്‍ തൊഗാഡിയ പറയുന്നു. കൂടുതല്‍ അധികാരങ്ങളില്‍ ഉന്മത്തനായി പോകല്ലേ ഭായ്, അത് ഒരു തരം ആലസ്യമാണ് രാഷ്ട്രനിര്‍മാണമല്ല-അദ്ദേഹം മോദിയെ ഓര്‍മിപ്പിച്ചു.
12 വര്‍ഷത്തോളമായി താനും മോഡിയും നേരിട്ട് കണ്ടു സംസാരിച്ചിട്ടില്ലെന്നും ഉടന്‍ തന്ന അദ്ദേഹത്തെ കണ്ട് ഹിന്ദുക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനാഗ്രഹമുണ്ടെന്നും തൊഗാഡിയ പറഞ്ഞു. അയോധ്യയിലെ ഭൂമിയിലോ സമീപത്തോ പള്ളിയോ മറ്റു കെട്ടിടങ്ങളോ പണിയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.