Sorry, you need to enable JavaScript to visit this website.

സൗദിയിലെ വിസ കച്ചവടം: അഞ്ചിലേറെ ഗാര്‍ഹിക വേലക്കാരുള്ള 70,000 പേര്‍

റിയാദ്- സൗദിയില്‍ നാലില്‍ കൂടതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കെ, അഞ്ച് ജോലിക്കാരുള്ള 70,000 തൊഴിലുടമകളെങ്കിലുമുണ്ടെന്ന് റിപ്പോര്‍ട്ട്. ശവ്വാല്‍ 21 മതല്‍ ലെവി ഈടാക്കി തുടങ്ങാനിരിക്കെ അല്‍ ഇഖ്തിസാദിയ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വദേശിവല്‍ക്കരണത്തിനിടയിലും വിസ കച്ചവടത്തിന്റെ തോത് വ്യക്തമാക്കുന്നതാണ്  ഈ കണക്ക്
നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ ഉണ്ടെങ്കില്‍ അധികമായി വരുന്ന ഓരോരുത്തര്‍ക്കും ലെവി നല്‍കേണ്ടിവരുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സൗദിയില്‍ അഞ്ചോ അതില്‍ കൂടുതലോ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്ളവര്‍ 70,000 കവിയുമെന്നാണ് കണക്കാക്കുന്നത്.
ഗാര്‍ഹിക തൊഴിലാളി ലെവിയുടെ ആദ്യഘട്ടം ശവ്വാല്‍ 21 മുതല്‍ ആരംഭിക്കും. ഓരോ അധിക തൊഴിലാളിക്കും പ്രതിവര്‍ഷം 9600 റിയാലായിരിക്കും ലെവി ചുമത്തുക. ലെവിയെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച കമ്മിറ്റി നിശ്ചയിക്കുന്ന നിയന്ത്രങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും നടപടി.
മെഡിക്കല്‍ പരിചരണം ആവശ്യമായ രോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ കേസുകളില്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളും.  
ആദ്യഘട്ടത്തില്‍ സൗദികളുടെ കീഴില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ലെവി ഈടാക്കുക. രണ്ടാം ഘട്ടത്തില്‍ രണ്ടില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള വിദേശികളും ലെവി നല്‍കേണ്ടിവരും. അടുത്ത വര്‍ഷം ശവ്വാല്‍ 21 മുതലായിരിക്കും രണ്ടാം ഘട്ട നടപ്പിലാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനായി എട്ട് പുതിയ അന്താരാഷ്ട്ര കേന്ദ്രങ്ങള്‍ തുറക്കാനും ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കുന്ന പുതിയ രാജ്യങ്ങളെ നിലവിലുള്ള പട്ടികയില്‍ ചേര്‍ക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ 16 രാജ്യങ്ങളില്‍ നിന്നാണ് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാന്‍ ധാരണയുള്ളത്. ഫിലിപ്പൈന്‍സ്, നൈജര്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്‌നാം, മൗറിത്താനിയ, ഉഗാണ്ട, എരിത്രിയ, ദക്ഷിണാഫ്രിക്ക,
മഡഗാസ്‌കര്‍, ഉസ്‌ബെക്കിസ്ഥാന്‍, കംബോഡിയ, മാലി, കെനിയ എന്നിവയാണ് പ്രസ്തുത രാജ്യങ്ങള്‍.
ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഗണിക്കുന്നത്. തൊഴില്‍ ദാതാക്കളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നതിനായി റിക്രൂട്ട്‌മെന്റ് കമ്പനികളെയും സ്ഥാപനങ്ങളെയും കര്‍ശനമായി നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

Latest News