കൊച്ചി- കോടതി നിര്‍ദേശപ്രകാരം ഹാജരാക്കിയ ഫോണുകളില്‍നിന്ന് 12 വാട്‌സാപ്പ് ചാറ്റുകള്‍ ദിലീപ് നീക്കിയെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചിരിക്കുന്നത്.
കേസ് വഴിതിരിച്ച് വിടാനായി ദിലീപ് ശ്രമിച്ചതിന്റെ വിവരങ്ങള്‍ ആണ് ക്രൈംബ്രാഞ്ച് പങ്കുവെച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഫോണില്‍ നിന്നും 12 ചാറ്റുകള്‍ പൂര്‍ണ്ണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 നമ്പരിലേക്കുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായുള്ള ചാറ്റുകളാണ് നീക്കം ചെയ്തത്.
ജനുവരി 30ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31 ന് ഫോണുകള്‍ കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുന്‍പാണ് നിര്‍ണായക തെളിവ് ആയേക്കാവുന്ന സന്ദേശങ്ങള്‍ നശിപ്പിക്കപ്പെട്ടത്. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്.