ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന് (എഐഎംഐഎം) ഒറ്റ സീറ്റ് പോലും നേടാനായില്ലെങ്കിലും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്ന വലിയ പഴി കേള്‍ക്കുന്നു.
യു.പി തെരഞ്ഞെടുപ്പില്‍ 95 സീറ്റുകളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം എഐഎംഐഎമ്മിന് 0.49 ശതമാനം വോട്ടാണ് ലഭിച്ചത്. നോട്ടക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ട് ശതമാനമാണിത്. ഭൂരിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കും 5,000 വോട്ടുകളില്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞില്ല.
എഐഎംഐഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ലെങ്കിലും ഉവൈസിയുടെ പാര്‍ട്ടി പല സീറ്റുകളിലും മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചതോടെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി) സ്ഥാനാര്‍ത്ഥികളുടെ സാധ്യതകളെ സാരമായി ബാധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഡാറ്റയുടെ വിശകലനം വ്യക്തമാക്കുന്നത്.
പല സീറ്റുകളിലും എസ്പി സ്ഥാനാര്‍ത്ഥികള്‍ ബിജെപി സ്ഥാനാര്‍ഥികളോട് നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. മൊറാദാബാദ് നഗറില്‍ ബിജെപിയുടെ റിതേഷ് കുമാര്‍ ഗുപ്ത എസ്.പിയുടെ മുഹമ്മദ് യൂസഫ് അന്‍സാരിക്കെതിരെ 782 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഗുപ്തയ്ക്ക് 1,48,384 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അന്‍സാരിയുടെ വോട്ടുകള്‍ 1,47,602 ആയിരുന്നു. അതേസമയം, എഐഎംഐഎമ്മിലെ വാഖി റഷീദിന് 2,661 വോട്ടുകള്‍ ലഭിച്ചു.
മൊറാദാബാദ് നഗറിനു പുറമെ, ഷാഗഞ്ച്, ബിജ്‌നോര്‍, സുല്‍ത്താന്‍പൂര്‍, നക്കൂര്‍, കുര്‍സി, ഔറായ് എന്നീ ആറ് സീറ്റുകളിലും എഐഎംഐഎം സമാജ് വാദി പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കി.
നക്കൂറില്‍ എസ്പിയുടെ ഡോ. ധരം സിംഗ് സൈനിക്കെതിരെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ചൗധരിക്ക് 0.12 ശതമാനം വ്യത്യാസത്തില്‍ വിജയിക്കാന്‍ സഹായകമായത് ഉവൈസിയുടെ പാര്‍ട്ടിയുടേയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടേയും (ബിഎസ്പി) പരോക്ഷ സഹായമാണ്.
ചൗധരിക്കും ഡോ.സൈനിക്കും യഥാക്രമം 1,04,114, 1,03,799 വോട്ടുകളാണ് ലഭിച്ചത്. ബിഎസ്പിയുടെ സഹില്‍ ഖാനും എഐഎംഐഎമ്മിന്റെ റിസ്‌വാനയും യഥാക്രമം 55,112, 3,593 വോട്ടുകള്‍ നേടി.
ബിജ്‌നോറില്‍ ബിജെപിയുടെ സുചി എസ്പിയുടെ നീരജ് ചൗധരിയെക്കാള്‍ വെറും 0.58 ശതമാനം ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സുചി, ചൗധരി, എഐഎംഐഎമ്മിന്റെ മുനീര്‍ അഹമ്മദ് എന്നിവര്‍ക്ക് യഥാക്രമം 97,165, 95,720, 2,290 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഉവൈസിയുടെ പാര്‍ട്ടി കാഴ്ച വെച്ചത്.
95 സീറ്റുകളില്‍ മജ്‌ലിസിന്റെ പ്രകടനം കോണ്‍ഗ്രസിനേക്കാള്‍ മികച്ചതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ ഡാറ്റ കാണിക്കുന്നു. 58 മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും. ഉവൈസിയുടെ പാര്‍ട്ടിക്ക് മത്സരിച്ച 95 നിയമസഭാ സീറ്റുകളില്‍ 4,50,929 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 3,13,577 വോട്ടുകളാണ് ലഭിച്ചത്.
മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുള്ള 95 സീറ്റുകളില്‍ മാത്രമാണ് ഉവൈസി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ 38 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് 37 സീറ്റുകളിലും കെട്ടിവെച്ച പണം നഷ്ടമായിരുന്നു.