Sorry, you need to enable JavaScript to visit this website.

യു.പിയിൽ ബി.എസ്.പിയുമായുള്ള സഖ്യം തുടരുമെന്ന് എസ്.പി

ലഖ്‌നൗ- യു.പിയിൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.എസ്.പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. അടുത്ത് നടക്കാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും ഇരുപാർട്ടികളും യോജിച്ച് മത്സരിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്നലെ ഫലം പ്രഖ്യാപിച്ച ഗോരഖ് പുർ, ഫുൽപൂർ മണ്ഡലങ്ങളിലെ അട്ടിമറി വിജയത്തിന് ശേഷമാണ് അഖിലേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുമണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച ശേഷം അഖിലേഷ് യാദവ് ബി.എസ്.പി നേതാവ് മായാവതിയെ സന്ദർശിച്ച് നന്ദി അറിയിച്ചിരുന്നു. സഖ്യം തുടരുന്നത് സംബന്ധിച്ച് ഇരുവരും പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ട്. 
അതേസമയം, ഗോരഖ് പൂരിലും ഫുൽപൂരിലും വിജയം കണ്ടത് അഖിലേഷ് യാദവിന്റെ സമർത്ഥമായ നീക്കങ്ങളായിരുന്നു. ബി.എസ്.പിയുടെ പിന്തുണക്ക് പുറമെ മറ്റ് നിരവധി പ്രാദേശിക പാർട്ടികളെയും അഖിലേഷ് കൂടെക്കൂട്ടി. കോൺഗ്രസിനെ മാറ്റി നിർത്തി പ്രവർത്തകരുടെ വികാരത്തിനൊപ്പവും നിന്നു. എട്ടുപാർട്ടികളുടെ വിശാലസഖ്യമാണ് ഇവിടെ ബി.ജെ.പിയെ നേരിട്ടത്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനമൊന്നുമില്ലെങ്കിലും ചില സമുദായങ്ങൾക്കിടയിൽ മികച്ച സ്വാധീനമുള്ളവയായിരുന്നു ഈ പാർട്ടികൾ. നിർബൽ ഇന്ത്യൻ ശോഷിജ് ഹമാര ആം ദൾ(നിഷാദ്), പീസ് പാർട്ടി എന്നിങ്ങനെയുള്ള പാർട്ടികളെയാണ് രംഗത്തിറക്കിയത്. ഗോരഖ് പൂരിൽ സ്ഥാനാർത്ഥിയാക്കിയത് നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദിന്റെ മകൻ പ്രവീണിനെയായിരുന്നു. ഈ മണ്ഡലത്തിലെ 17 ശതമാനത്തോളം വരുന്ന നിഷാദ് സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാൻ അഖിലേഷിന് സാധിച്ചു. ഫുൽപൂർ മണ്ഡലത്തിലെ പ്രമുഖ സമുദായമായ പട്ടേൽ വിഭാഗത്തിൽനിന്നുള്ള നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലിനെ രംഗത്തിറക്കിയതോടെ അവിടെയും അഖിലേഷ് തന്നെ മുന്നിട്ടുനിന്നു. ഈ രണ്ടു സ്ഥാനാർഥികളെയും രംഗത്തിറക്കിയതാണ് ബി.എസ്.പിയുടെ പിന്തുണ ഉറപ്പാക്കാൻ അഖിലേഷിന് സാധിച്ചത്. എൻ.സി.പി, സി.പി.എം, ബി.കെ.പി, ഫോർവേഡ് ബ്ലോക്, ആർ.എൽ.ഡി തുടങ്ങിയ പാർട്ടികളുടെ പിന്തുണയും അഖിലേഷ് നേടി.
 

Latest News