കോയമ്പത്തൂര്‍- റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ ഉക്രേനിയന്‍ അര്‍ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്ന തമിഴ്‌നാട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സായി നികേഷ് നാട്ടിലേക്ക് മടങ്ങാന്‍ വഴി തേടുന്നു. 21 കാരന്റെ കോയമ്പത്തൂരിലുള്ള കുടുംബം അതീവ ആശങ്കയിലാണ്.
മകന്‍ ഉടന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയോടെയാണ് മാതാപിതാക്കള്‍ കഴിയുന്നത്.
സ്വന്തം നാടായ കോയമ്പത്തൂരിലേക്ക് മടങ്ങാന്‍ സായി നികേഷ് തയാറാണെന്ന് പിതാവ് രവിചന്ദ്രന്‍ പറഞ്ഞു. ഉയരക്കുറവ് കാരണം രണ്ട് തവണ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനുള്ള അപേക്ഷ നിരസിക്കപ്പെട്ട സായി ഉക്രൈന്‍ പാരാമിലിറ്ററിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.
ഉക്രൈനിലെ ഖാര്‍കിവിലുള്ള നാഷണല്‍ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു സായി നികേഷ്. ഫെബ്രുവരിയിലാണ് വളണ്ടിയര്‍മാര്‍ കൂടി അടങ്ങുന്ന അര്‍ധസൈനിക വിഭാഗമായ ജോര്‍ജിയന്‍ നാഷണല്‍ ലെജിയനില്‍ ചേര്‍ന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുമായിബന്ധപ്പെടുന്നുണ്ടെന്നും മകനെ കണ്ടെത്തി നാട്ടിലേത്തിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് സായി നികേഷുമായി ബന്ധപ്പെട്ടതെന്നും ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ മകന്‍ സമ്മതിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനു ശേഷം മകനോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, ഇന്ത്യയിലേക്ക് മടങ്ങാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സായി നികേഷ് നല്‍കിയിട്ടില്ലെന്നും യുദ്ധമേഖലയിലെ ആളുകളെ കണ്ടെത്താനും ബന്ധപ്പെടാനും പ്രയാസകരമാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.