മുപ്പതുകൾ ഓസ്ട്രിയയുടേതും അമ്പതുകൾ ഹങ്കറിയുടേതും അറുപതുകൾ പോർചുഗലിന്റേതുമാണെങ്കിൽ എഴുപതുകൾ നെതർലാന്റ്‌സിന്റേതായിരുന്നു. അയാക്‌സ് ആംസ്റ്റർഡാമിൽ നിന്ന് ഉരുവം കൊണ്ട ടോട്ടൽ ഫുട്‌ബോൾ ഡച്ചിനെ ആരാധകരുടെ പ്രിയ ടീമാക്കി. അഴകൊഴുകുന്ന ഫുട്‌ബോളിലൂടെ അവർ കാണികളുടെ മനം കവർന്നു. ഓസ്ട്രിയയെയും ഹങ്കറിയെയും പോർചുഗലിനെയും പോലെ നെതർലാന്റ്‌സിനും ലോകകപ്പ് നേടാനായില്ല എന്നതാണ് ദുഃഖം.
1974 ലെ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ തന്നെ ആവേശം നിറഞ്ഞൊഴുകി. നിരവധി പ്രമുഖ ടീമുകൾക്ക് യോഗ്യത നേടാനായില്ല. ലാറ്റിനമേരിക്കയിൽ ഉറുഗ്വായുടെ പ്രതാപകാലം അസ്തമിച്ചു തുടങ്ങിയിരുന്നു. 1970 ലെ ക്വാർട്ടർ ഫൈനലിസ്റ്റ് പെറു യോഗ്യത നേടിയില്ല. വടക്കെ അമേരിക്കയിൽനിന്ന് പതിവായി ജയിച്ചു വരാറുള്ള മെക്‌സിക്കോയെ ഇത്തവണ ട്രിനിഡാഡ് ആന്റ് ടൊബാഗൊ വകവരുത്തി. അതിന്റെ ഗുണം കിട്ടിയത് ഹെയ്തിക്കാണ്. ആദ്യമായി അവർ ഫൈനൽ റൗണ്ടിലെത്തി. ആഫ്രിക്കയിൽ നിന്ന് സയറും ഏഷ്യയിൽ നിന്ന് ഓസ്‌ട്രേലിയയും ആദ്യമായി മുഖം കാണിച്ചു. ആഫ്രിക്കൻ കറുത്ത വർഗക്കാരുടെ ആദ്യ പ്രതിനിധിയായിരുന്നു സയർ. ഒരുപക്ഷേ ലോകകപ്പിന്റെ ഫൈനൽ റൗണ്ട് കളിച്ച ഏറ്റവും ദുർബല ടീം.
കാമറൂൺ-കോംഗൊ മത്സരത്തിൽ പെനാൽട്ടിയെ ചൊല്ലിയുണ്ടായ ലഹള അവസാനിപ്പിക്കാൻ കാമറൂൺ പ്രസിഡന്റ് സൈന്യത്തെ നിയോഗിച്ചു. കാമറൂൺ അതിന്റെ പേരിൽ വിലക്കപ്പെട്ടു.
യൂറോപ്പിലായിരുന്നു നാടകങ്ങൾ മുഴുവൻ. സോവിയറ്റ് യൂനിയൻ ഫൈനൽ റൗണ്ടിലെത്തേണ്ടതായിരുന്നു. എന്നാൽ അഗസ്റ്റൊ പിനോഷെ സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ച ചിലെയിൽ കളിക്കാൻ വിസമ്മതിച്ചതിന് അവർ വിലക്കപ്പെട്ടു. ബെൽജിയവും ഇംഗ്ലണ്ടും ഹങ്കറിയും ചെക്കൊസ്ലാവാക്യയും റുമാനിയയുമൊന്നും യോഗ്യത നേടിയില്ല. കിഴക്കൻ ജർമനി ആദ്യമായും അവസാനമായും ഫൈനൽ റൗണ്ടിലെത്തി. 1938 നു ശേഷം ആദ്യമായി പോളണ്ടും നെതർലാന്റ്‌സും യോഗ്യത നേടി.
പശ്ചിമ ജർമനിക്കായിരുന്നു കിരീടസാധ്യത കൽപിക്കപ്പെട്ടത്. 1972 ൽ ഏതാണ്ട് അനായാസം അവർ യൂറോപ്യൻ ചാമ്പ്യന്മാരായിരുന്നു. ഡച്ച് ടീമിൽ പ്രതിഭകളുടെ നിറസമ്പത്തുണ്ടായിരുന്നു. എങ്കിലും ഒരു ടീമെന്ന നിലയിൽ അവർ ഒത്തിണങ്ങി വരുന്നതേയുണ്ടായിരുന്നുള്ളൂ. പെലെയുടെ പ്രതാപകാലത്തിനു ശേഷം ടീമിനെ വീണ്ടും കെട്ടിപ്പടുക്കുന്നതേയുണ്ടായിരുന്നുള്ളൂ ബ്രസീൽ. റിവെലിനോ ഫോം നിലനിർത്തിയിരുന്നുവെങ്കിലും ജഴ്‌സിഞ്ഞോ പ്രതാപകാലം പിന്നിട്ടിരുന്നു. അർജന്റീനക്കാവട്ടെ മികച്ച കളിക്കാരൊന്നുമുണ്ടായിരുന്നില്ല.
ടോട്ടൽ ഫുട്‌ബോളിന്റെ പ്രണേതാക്കളായ യോഹാൻ ക്രയ്ഫും ഫ്രാൻസ് ബെക്കൻബവറും മുഖാമുഖം വന്ന ലോകകപ്പായിരുന്നു 1974 ലേത്. ഏതു കളിക്കാരനും ഏതു പൊസിഷനിലും കളിക്കുമെന്നായതോടെ ആക്രമണ തന്ത്രങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ആർത്തലയ്ക്കുന്ന അലമാലകൾ പോലെ ആക്രമിച്ചു കയറിയ ക്രയ്ഫിന്റെ നെതർലാന്റ്‌സ് വമ്പന്മാരെ ഒന്നൊന്നായി വീഴ്ത്തി ഫൈനലിലേക്കു കുതിച്ചു. തരം കിട്ടുമ്പോഴൊക്കെ ആക്രമിച്ച ബെക്കൻബവർ ലിബറൊ പൊസിഷനെ അടിമുടി മാറ്റി. പെലെ ഒഴിഞ്ഞ താരസിംഹാസനത്തിനായി ക്രയ്ഫും ബെക്കൻബവറും മത്സരിച്ചു. മ്യൂണിക്കിൽ ഈ ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ഏവരെയും ഞെട്ടിച്ച് ആതിഥേയർ ജയിച്ചു.
നാടകീയമായിരുന്നു ഫൈനൽ. ജർമൻകാർ പന്ത് തൊടുംമുമ്പ് നെതർലാന്റ്‌സ് ഗോളടിച്ചു. അലസ സുന്ദരമായ നീക്കങ്ങളിലൂടെ ഡച്ച് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ക്രയ്ഫ് കിക്കോഫിൽനിന്ന് പന്തുമായി ഡ്രിബ്ൾ ചെയ്തു മുന്നേറി. ബോക്‌സിൽ യൂളി ഹോനസ് വീഴ്ത്തിയപ്പോഴാണ് ആ മുന്നേറ്റം അവസാനിച്ചത്. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ആദ്യ പെനാൽട്ടി യോഹാൻ നീസ്‌കൻസ് ഗോളാക്കി. നിരന്തരമായ പാസുകളിലൂടെ തുടർന്നും പശ്ചിമ ജർമൻകാരെ അവർ വെള്ളം കുടിപ്പിച്ചു. പക്ഷേ ഇരുപത്തഞ്ചാം മിനിറ്റിൽ അപ്രതീക്ഷിതമായി കിട്ടിയ പെനാൽട്ടിയിൽ പോൾ ബ്രയ്റ്റ്‌നർ ഗോൾ മടക്കി. ക്രയ്ഫിനെ തളയ്ക്കാൻ എങ്ങനെയോ ബെർട്ടി വോഗ്‌സിനു സാധിച്ചതോടെ ആതിഥേയർ തിരിച്ചടി തുടങ്ങി. ഇടവേളക്ക് അൽപം മുമ്പ് ഗെർഡ് മുള്ളറിലൂടെ അവർ വിജയ ഗോൾ നേടുകയും ചെയ്തു. ബ്രസീൽ സ്വന്തമാക്കിയ യൂൾസ്‌റിമെ കപ്പിനു പകരം ഇറ്റാലിയൻ ശിൽപി സിൽവിയൊ ഗസാനിഗ രൂപകൽപന ചെയ്ത പുതിയ സ്വർണക്കപ്പിൽ ആദ്യമായി കൈ വെക്കാൻ ബെക്കൻബവർക്കു സാധിച്ചു. മുള്ളറുടെ അവസാന രാജ്യാന്തര മത്സരമായിരുന്നു അത്.
ഒടുക്കം ഭംഗിയായെങ്കിലും പശ്ചിമ ജർമനിയുടെ തുടക്കം ഒട്ടും പ്രതീക്ഷക്കു വക നൽകുന്നതായിരുന്നില്ല. അന്തഃഛിദ്രവും ബോണസ് തർക്കവുമൊക്കെ കാരണം അവർ നിറംകെട്ട കളിയാണ് കെട്ടഴിച്ചത്. ചരിത്രത്തിലൊരിക്കലുമില്ലാത്ത വിധം രാഷ്ട്രീയ വൈരം തുടിച്ചുനിന്ന കളിയിൽ പൂർവ ജർമനിയോട് 0-1 ന് തോറ്റു. ഓസ്‌ട്രേലിയയെ 3-0 ത്തിന് തോൽപിച്ച് ആദ്യ റൗണ്ട് കടന്നപ്പോൾ കാണികൾ കൂവിവിളിക്കുകയായിരുന്നു. പക്ഷേ പൂർവ ജർമനിക്കെതിരായ തോൽവി ടീമിനെ ഉണർത്തി. ക്വാർട്ടറിനും സെമിക്കും പകരം രണ്ടാം റൗണ്ടിൽ നാലു ടീമുകൾ ഗ്രൂപ്പടിസ്ഥാനത്തിൽ മത്സരിക്കുകയായിരുന്നു.
പൂർവ ജർമനിയോട് തോറ്റത് പശ്ചിമ ജർമനിക്ക് ഉർവശീ ശാപം പോലെയായി. രണ്ടാം റൗണ്ടിൽ നെതർലാന്റ്‌സും അർജന്റീനയും ബ്രസീലുമുൾപ്പെട്ട ഗ്രൂപ്പ് ഒഴിവാക്കാൻ ആതിഥേയർക്കു സാധിച്ചു. യൂഗോസ്ലാവ്യയും സ്വീഡനും പോളണ്ടുമുൾപ്പെട്ട താരതമ്യേന ദുർബലമായ ഗ്രൂപ്പിൽനിന്ന് പശ്ചിമ ജർമനി ഫൈനലിലെത്തി. കറുത്ത കുതിരകളായ പോളണ്ടിനെതിരെ മുള്ളറുടെ ഗോളിൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ജർമനി. ആദ്യ റൗണ്ടിൽ അർജന്റീനയെയും ഇറ്റലിയെയും അട്ടിമറിച്ച പോളണ്ട് രണ്ടാം റൗണ്ടിൽ സ്വീഡനെയും യൂഗോസ്ലാവ്യയെയും കീഴടക്കി. ലൂസേഴ്‌സ് ഫൈനലിൽ ബ്രസീലിനെ മറികടന്ന് അവർ മൂന്നാം സ്ഥാനവും നേടി.
1970 ലെ ടീമിന്റെ നിഴൽ മാത്രമായിരുന്ന ബ്രസീൽ ഗോൾവ്യത്യാസത്തിലാണ് ഗ്രൂപ്പ് ഘട്ടം അതിജീവിച്ചത്. സ്‌കോട്‌ലന്റുമായി പോലും അവർ സമനില വഴങ്ങി. എന്നാൽ അർജന്റീനയുമായുള്ള ആദ്യ ലോകകപ്പ് മത്സരം ജയിക്കാൻ ബ്രസീലിനു സാധിച്ചു. രണ്ടാം റൗണ്ടിൽ അർജന്റീനയെ 4-0 ത്തിനും ബ്രസീലിനെ 2-0 ത്തിനും തകർത്താണ് നെതർലാന്റ്‌സ് ഫൈനലിലെത്തിയത്. പക്ഷേ ബെക്കൻബവറുടെ പ്രതിഭക്കു മുന്നിൽ ക്രയ്ഫിന്റെ കുട്ടികൾക്ക് ശിരസ്സു നമിക്കേണ്ടി വന്നു.
ഫ്രാൻസും യു.എസ്.എസ്.ആറും സ്‌പെയിനും ഇംഗ്ലണ്ടും ഹങ്കറിയുമൊന്നും യോഗ്യത നേടാതിരുന്ന ആ ലോകകപ്പിൽ സബ് സഹാറൻ ആഫ്രിക്കയുടെ ആദ്യ പ്രതിനിധിയായി സയറും ഏതാനും മാസം മുമ്പ് ഭൂകമ്പത്തിൽ തകർന്ന ഹെയ്ത്തിയുമൊക്കെ ഫൈനൽ റൗണ്ട് കളിച്ചു. ഇറ്റലിക്കെതിരെ ഹെയ്ത്തി ആദ്യം ഗോളടിച്ച് അമ്പരപ്പുണർത്തി. 1142 മിനിറ്റ് ഗോൾ വഴങ്ങിയില്ലെന്ന ഇറ്റാലിയൻ ഗോളി ദിനോസോഫിന്റെ റെക്കോർഡ് അതിലൂടെ തകർന്നു. പക്ഷേ ഇറ്റലി 3-1 ന് ജയിച്ചു. 1970 ൽ ചുവപ്പ് കാർഡ് പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും അത്തവണ ഒരു കളിക്കാരൻ പോലും പുറത്താക്കപ്പെട്ടിരുന്നില്ല. ചുവപ്പ് കാർഡ് നേടുന്ന ആദ്യ കളിക്കാരനാകാനുള്ള ദൗർഭാഗ്യം 1974 ൽ ചിലെയുടെ കാർലോസ് കാസെലിക്കായി.
ചിലെയിൽ കമ്യൂണിസ്റ്റുകാരനായ പ്രസിഡന്റ് സാൽവഡോർ അലെൻഡെയുടെ ആയിരക്കണക്കിന് അനുയായികളെ സൈനിക ഭരണകൂടം വധിച്ചതിൽ പ്രതിഷേധിച്ച് അവർക്കെതിരായ യോഗ്യതാ മത്സരം കളിക്കാൻ സോവിയറ്റ് യൂനിയൻ വിസമ്മതിച്ചു. ചിലെയിലെ മത്സരത്തിൽ ഒഴിഞ്ഞ സോവിയറ്റ് വലയിൽ പന്തടിച്ച ചിലെയെ വിജയികളായി പ്രഖ്യാപിച്ചു. പാപ ഡോക് ഡുവാലിയറുടെ കൊടിയ ഭരണത്തിൻ കീഴിലുള്ള ഹെയ്ത്തിയിലായിരുന്നു ട്രിനിഡാഡ് ആന്റ് ടൊബേഗോയുടെ അവസാന യോഗ്യതാ മത്സരം. ട്രിനിഡാഡിന്റെ നാലു ഗോളുകൾ റഫറി അനുവദിച്ചില്ല. റഫറിയെ പിന്നീട് ഫിഫ അയോഗ്യനാക്കി. ഹെയ്തിയുടെ ഏൺസ്റ്റ് ജീൻ ജോസഫ് ലോകകപ്പിൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെടുന്ന ആദ്യ കളിക്കാരനായി. ടീം ഹോട്ടലിൽ കൊണ്ടുപോയി ഇയാളെ ഹെയ്തി ടീം മാനേജ്‌മെന്റ് മർദിച്ചവശനാക്കി.
ആതിഥേയർ: പശ്ചിമ ജർമനി, ചാമ്പ്യന്മാർ: പശ്ചിമ ജർമനി
ടീമുകൾ: 16, മത്സരങ്ങൾ: 38
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 99
ടോപ്‌സ്‌കോറർ: ഗെർസഗോറസ് ലാറ്റൊ (പോളണ്ട്, 7)
പ്രധാന അസാന്നിധ്യം: ഇംഗ്ലണ്ട്, ഫ്രാൻസ്, ഹങ്കറി, സ്‌പെയിൻ, സോവിയറ്റ് യൂനിയൻ
ആകെ ഗോൾ -97 (ശരാശരി 2.55), കൂടുതൽ ഗോളടിച്ച ടീം -പോളണ്ട് (16)
മത്സരക്രമം: ആദ്യ റൗണ്ടിൽ നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകൾ. രണ്ട് ടീമുകൾ വീതം ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ നാല് ടീം വീതമുള്ള രണ്ടു ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ ഫൈനലിൽ.
അറിയാമോ?
-1974 ലെ ലോകകപ്പ് ഫൈനൽ വൈകിയാണ് ആരംഭിച്ചത്. കളി തുടങ്ങാനിരിക്കേ കോർണർ ഫഌഗുകൾ സ്ഥാപിച്ചിട്ടില്ലെന്ന് ഇംഗ്ലിഷുകാരനായ റഫറി ജാക്ക് ടയ്‌ലറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
-1974 ൽ ഒരു കളിയും തോൽക്കാത്ത ഏക ടീം സ്‌കോട്‌ലന്റായിരുന്നു. അവർ പക്ഷേ ആദ്യ റൗണ്ടിൽ പുറത്തായി.
-നോക്കൗട്ട് റൗണ്ടിൽ സമനിലയായാൽ ഷൂട്ടൗട്ടിലൂടെ വിജയികളെ നിർണയിച്ചു തുടങ്ങിയത് ഈ ലോകകപ്പിലായിരുന്നു.
-കാമറൂണിന് വിലക്കുണ്ടായിരുന്ന ലോകകപ്പായിരുന്നു അത്. കോംഗോക്കെതിരായ യോഗ്യതാ റൗണ്ട് മത്സരത്തിൽ പെനാൽട്ടിയെ ചൊല്ലിയുണ്ടായ ലഹള അവസാനിപ്പിക്കാൻ കാമറൂൺ പ്രസിഡന്റ് സൈന്യത്തെ നിയോഗിച്ചതായിരുന്നു കാരണം. ആ മത്സരത്തിൽ ഒരു ഗോളടിച്ചത് റോജർ മില്ലയായിരുന്നു.
-1966 ലെയും 1974 ലെയും ലോകകപ്പുകളിൽ ഉറുഗ്വായ് നിരയിൽ പാബ്‌ലൊ ഫോർലാൻ ഉണ്ടായിരുന്നു. പാബലോയുടെ മകനാണ് പിൽക്കാലത്ത് ഉറുഗ്വായെ നയിച്ച ഡിയേഗൊ ഫോർലാൻ. ഉറുഗ്വായ് താരം യുവാൻ കാർലോസ് കൊരാസോയുടെ മകളെയാണ് പാബ്‌ലൊ വിവാഹം കഴിച്ചത്.
-1974 ലെ ഫുട്‌ബോളർ ഓഫ് ദ ഇയർ അവാർഡിൽ മൂന്നാമതെത്തിയത് കാസിമിയേഴ്‌സ് ഡയ്‌നയണ്. ആദ്യ രണ്ടു സ്ഥാനങ്ങൾ ഫ്രാൻസ് ബെൻക്കൻബവർക്കും യോഹാൻ ക്രയ്ഫിനുമാണെന്നറിയുമ്പോഴാണ് ഡയ്‌നയുടെ മൂല്യമറിയുക. പോളണ്ടിന്റെ മികച്ച ലോകകപ്പ് കളിക്കാരനാണ് ഡയ്‌ന. 1976 ൽ വാഹനാപകടത്തിൽ മരിച്ചു. 41 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ലീജിയ വാഴ്‌സ ക്ലബ് ഡയ്‌നയുടെ പത്താം നമ്പർ ജഴ്‌സി പിന്നീട് ഉപയോഗിച്ചില്ല. ആദ്യമായാണ് ഒരു കളിക്കാരനു വേണ്ടി ഒരു ജഴ്‌സി നമ്പർ ഒരു ക്ലബ് മാറ്റിവെച്ചത്. ഡയ്‌ന 1981 ൽ പുറത്തിറങ്ങിയ എസ്‌കേപ് ടു വിക്ടറി എന്ന ഫുട്‌ബോൾ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്.
-യോഹാൻ ക്രയ്ഫിന്റെ മകൻ യോർദി ബാഴ്‌സലോണക്കും മാഞ്ചസ്റ്റർ യുനൈറ്റഡിനും കളിച്ചിട്ടുണ്ട്.
ക്രയ്ഫ് ടേൺ
അറുപതുകളിൽ കൊച്ച് യോഹാൻ ക്രയ്ഫിനെ പരിശീലിപ്പിച്ച വിക് ബക്കിംഗ്ഹാം ആ പ്രതിഭയെ ഒരു വാചകത്തിലൊതുക്കുന്നു: 'ക്രയ്ഫിന് കഴിയാത്തതായി ഒന്നുമില്ല. നീക്കങ്ങൾക്ക് തുടക്കമിടും, വിംഗുകളിലൂടെ പറക്കും, പെനാൽട്ടി ഏരിയയിലേക്ക് കുതിക്കും, ഇടതു-വലതുകാൽ കൊണ്ട് ഷൂട്ട് ചെയ്യും, എന്തും സാധിക്കും -അതും ആ വേഗത്തിൽ. ഫുട്‌ബോൾ ലോകത്തിന് ദൈവത്തിന്റെ വരദാനമാണ് ക്രയ്ഫ്'.
ഒരു ലോകകപ്പിലേ ക്രയ്ഫ് കളിച്ചിട്ടുള്ളൂ. 1974 ലെ ആ ലോകകപ്പ് നെതർലാന്റ്‌സിന് അർഹിച്ചതായിരുന്നു. പക്ഷേ ഫൈനലിൽ നാടകീയമായി തോറ്റു. ആ ലോകകപ്പിലെ മികച്ച കളിക്കാരനായിരുന്നു ക്രയ്ഫ്. കളിക്കളത്തിൽ വിപ്ലവകാരിയും പുറത്ത് വിമതനുമായിരുന്നു ക്രയ്ഫ്. എഴുപതുകളെ തീപ്പിടിപ്പിച്ച ഡച്ച് ടീമിന്റെ ആണിക്കല്ലായിരുന്നു ഈ കളിക്കാരൻ. ടോട്ടൽ ഫുട്‌ബോൾ എന്ന ആക്രമണ ഫുട്‌ബോൾ വികസിപ്പിച്ചെടുത്തത് മറ്റു ചിലരാവാം, എന്നാൽ ആ തത്വത്തിന്റെ ആവിഷ്‌കാരം ഏറ്റവും മനോഹരമായി കണ്ടത് ക്രയ്ഫിലൂടെയായിരുന്നു. ഫുട്‌ബോൾ സ്ഥിതിവിവരക്കണക്ക് സംഘടന പോയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച യൂറോപ്യൻ കളിക്കാരനായും ലോകതലത്തിൽ പെലെക്കു പിന്നിൽ മികച്ച രണ്ടാമത്തെ കളിക്കാരനായും ക്രയ്ഫിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
പന്ത്രണ്ടാം വയസ്സിൽ പിതാവ് മരിച്ച ക്രയ്ഫിനെ അയാക്‌സ് സ്റ്റേഡിയത്തിൽ അലക്കുകാരിയായ അമ്മയാണ് വളർത്തിയത്. പതിമൂന്നാം വയസ്സിൽ പഠനം നിർത്തി. പത്തൊമ്പതാം വയസ്സിൽ അയാക്‌സിനെ ലീഗ് ചാമ്പ്യന്മാരാക്കിയാണ് ക്രയ്ഫ് ശ്രദ്ധ പിടിച്ചുപറ്റിയത്. ആദ്യ സീസണിൽ തന്നെ ടോപ്‌സ്‌കോററായി. 1966 ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടു പാദങ്ങളിലായി ലിവർപൂളിനെ അയാക്‌സ് 7-3 ന് തകർത്തത് ഡച്ച് ഫുട്‌ബോളിൽ നാഴികക്കല്ലായി. അതേ വർഷം ഹങ്കറിക്കെതിരെ സ്‌കോർ ചെയ്ത് ദേശീയ ടീമിൽ ക്രയ്ഫ് അരങ്ങേറി. ക്രയ്ഫിന്റെ വിമത സ്വഭാവം പുറത്തു വരാൻ രണ്ടു മാസമേ എടുത്തുള്ളൂ. ഒരു രാജ്യാന്തര മത്സരത്തിൽ പുറത്താക്കപ്പെടുന്ന ആദ്യ നെതർലാന്റ്‌സ് കളിക്കാരനായി ക്രയ്ഫ്.
ക്രയ്ഫ് മികച്ച ഫോമിലായിരുന്നുവെങ്കിലും 1970 ലെ ലോകകപ്പിന് നെതർലാന്റ്‌സിന് യോഗ്യത നേടാനായില്ല. 1966 നും 1973 നുമിടയിൽ അയാക്‌സിനൊപ്പം ആറു തവണ ലീഗ് ചാമ്പ്യന്മാരായി. നാല് തവണ ഡച്ച് കപ്പ് നേടി. 1971 മുതൽ 1973 വരെ യൂറോപ്യൻ കപ്പ് ചാമ്പ്യന്മാരായി ഹാട്രിക് ഉറപ്പിച്ചു. മൂന്നു തവണ യൂറോപ്യൻ പ്ലയർ ഓഫ് ദ ഇയറായ അപൂർവം കളിക്കാരിലൊരാളാണ് ക്രയ്ഫ്, 1971 ലും 1973 ലും 1974 ലും.
ക്രയ്ഫ് നായകനായ നെതർലാന്റ്‌സിന്റെ ടൂർണമെന്റായാണ് 1974 ലെ ലോകകപ്പ് വിലയിരുത്തപ്പെട്ടത്. ഫൈനൽ വരെ തിരക്കഥ പ്രതീക്ഷിച്ചതുപോലെ നീങ്ങി. ബ്രസീലിനെയും അർജന്റീനയെയുമൊക്കെ ഡച്ച് ടീം തോൽപിച്ചു. ആതിഥേയരായ പശ്ചിമ ജർമനിക്കെതിരായ ഫൈനലിൽ കിക്കോഫിൽനിന്ന് 15 പാസുകൾ കണ്ണിചേർത്ത് ഒടുവിൽ പന്തുമായി കുതിച്ച ക്രയ്ഫിനെ ബോക്‌സിൽ ചവിട്ടിയിട്ടു. ജർമനി പന്ത് തൊടുംമുമ്പെ അവരുടെ വലയിൽ ആദ്യ ഗോൾ. പിന്നീട് ഗോളടിക്കുന്നതിനു പകരം പാസുകൾ കൈമാറി ആതിഥേയരെ നാണം കെടുത്താനാണ് ഡച്ചുകാർ ശ്രമിച്ചത്. അമ്പരപ്പിക്കും വിധം അത് തിരിച്ചടിച്ചു. മത്സരത്തിലേക്കു തിരിച്ചുവന്ന ജർമനി 2-1 ന് ജയിച്ച് കിരീടം സ്വന്തമാക്കി.
ക്രയ്ഫിലെ വിമതൻ ലോകകപ്പിനിടെ തലപൊക്കി. ഡച്ച് ഫുട്‌ബോൾ ഫെഡറേഷനുമായി നായകൻ ഉടക്കി. അവർ കരാറുണ്ടാക്കിയ അഡിഡാസ് കമ്പനിയുടെ ഷൂ ധരിക്കാൻ വിസമ്മതിച്ചു. അഡിഡാസിന്റെ മൂന്നു വരകൾക്കു പകരം രണ്ടു വര മാത്രമുള്ള ജഴ്‌സി ധരിച്ചു.
1978 ലെ അർജന്റീനാ ലോകകപ്പിന് നെതർലാന്റ്‌സിന് യോഗ്യത നേടിക്കൊടുക്കാൻ ക്രയ്ഫ് ഉണ്ടായിരുന്നു. പക്ഷേ ഫൈനൽ റൗണ്ടിൽ കളിക്കാൻ വിസമ്മതിച്ചു. പിന്നീട് ക്രയ്ഫ് നെതർലാന്റ്‌സിന്റ് ഓറഞ്ച് കുപ്പായമിട്ടില്ല. 1984 വരെ ക്ലബ്ബ് ഫുട്‌ബോൾ കളിച്ചു. അയാക്‌സിനും ഫെയ്‌നൂർദിനുമൊപ്പം വീണ്ടും ലീഗ് ചാമ്പ്യന്മാരായി. അമേരിക്കൻ ലീഗിലും കളിച്ചു.
കോച്ചെന്ന നിലയിലും ഉജ്വലമാണ് ക്രയ്ഫിന്റെ കരിയർ. ബാഴ്‌സലോണയെ സ്വപ്‌ന ടീമാക്കി വളർത്തി. അവർ ക്രയ്ഫിനു കീഴിൽ നാലു തവണ സ്പാനിഷ് ചാമ്പ്യന്മാരായി, 1992 ൽ യൂറോപ്യൻ കപ്പ് നേടി.