മോസ്‌കോ- ഉക്രൈനെതിരെ പോരാടാന്‍ മധ്യപൗരസ്ത്യദേശത്തുനിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധ സൈനികരെ കൂടെ ചേര്‍ക്കാന്‍ അനുമതി നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ഉക്രൈനിലെ ഡോന്‍ബാസിലെ ജനങ്ങളെ 'സഹായിക്കാന്‍' വേണ്ടി ഇതിനകം തന്നെ 16,000 പേര്‍ താത്പര്യം പ്രകടിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു പറഞ്ഞു.
സൈന്യബലം കൊണ്ടും ആയുധ ബലം കൊണ്ടും ഏറ്റവും കരുത്തരായ റഷ്യ, ഉക്രൈനെ വേഗത്തില്‍ കീഴടക്കാം എന്ന ലക്ഷ്യവുമായാണ് ആക്രമണത്തിനിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ അല്ല കാര്യങ്ങള്‍ നടന്നത്. ശക്തമായ പ്രത്യാക്രമണവും പ്രതിരോധവുമായി റഷ്യന്‍ സൈന്യത്തിന് മുന്നില്‍ ഉക്രൈന്‍ പിടിച്ചുനില്‍ക്കുകയായിരുന്നു.
സാമ്പത്തിക ലാഭം ആഗ്രഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം തയാറാകുന്ന ആരെയെങ്കിലും കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും സംഘര്‍ഷ മേഖലയിലേക്ക് പോകാന്‍ അവരെ സഹായിക്കണമെന്നും പുതിന്‍ നിര്‍ദ്ദേശിച്ചുവത്രെ.