ന്യൂദല്‍ഹി- ആം ആദ്മി നേതാവ് ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി മാര്‍ച്ച് 16 ന് സത്യപ്രതിജ്ഞ ചെയ്യും. 'എന്റെ ഇളയ സഹോദരനായ ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് എന്നെ ക്ഷണിക്കാനായി ഭഗവന്ത് ഇന്നു വസതിയിലെത്തി. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പഞ്ചാബിലെ ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റാന്‍ ഭഗവന്തിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്' - ഭഗവന്തുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
സത്യപ്രതിജ്ഞ തലസ്ഥാന നഗരിയിലോ രാജ്ഭവനിലോ ആയിരിക്കില്ലെന്നും സ്വാതന്ത്ര്യസമരത്തിലെ ധീരപോരാളി ഭഗത് സിംഗിന്റെ ജന്മനാടായ ഖട്ട്കര്‍ കലാനിലായിരിക്കുമെന്നും ഭഗവന്ത് അറിയിച്ചിരുന്നു.
ദേശീയ പാര്‍ട്ടിയായി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എ.എ.പി ദല്‍ഹിക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് 117 അംഗ നിയമസഭയില്‍ 92 സീറ്റും നേടിയാണ് അധികാരത്തിലേറുന്നത്.