ന്യൂദല്‍ഹി- ദല്‍ഹി നിസാമുദ്ദീനിലെ മര്‍കസ് മസ്ജിദ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒന്നാം നിലയില്‍ നമസ്‌കാരം അനുവദിക്കുന്നതില്‍ പ്രശ്‌നമില്ലെങ്കില്‍ മറ്റ് നിലകളില്‍ എന്തിനു തടയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം.
മത ആഘോഷങ്ങളില്‍ എതിര്‍പ്പില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹം തന്നെ.
മസ്ജിദിന്റെ ഒന്നാം നിലയുമായി ബന്ധപ്പെട്ട് എതിര്‍പ്പില്ലെങ്കില്‍ മറ്റു നിലകള്‍ക്കും അത് ബാധകമാക്കുന്നതില്‍ എന്തു തടസ്സമാണുള്ളത്- ജസ്റ്റിസ് കുമാര്‍ ഒഹ്‌രി ചോദിച്ചു.
ദല്‍ഹി നിസാമുദ്ദീന്‍ മര്‍കസ് മസ്ജിദില്‍ ബറാത്തിലും റമദാന്‍ മാസത്തിലും ആളുകളെ ഒന്നാം നിലയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
മര്‍കസ് നിസാമുദ്ദീന്‍ മസ്ജിദിന്റെ ഭാഗങ്ങള്‍ തുറക്കുന്നതില്‍
ദല്‍ഹി വഖഫ് ബോര്‍ഡിനും മര്‍കസിനും എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഒഹ്‌രി പറഞ്ഞു. ബേസ്‌മെന്റ് മുതല്‍ നാലാംനില വരെയുള്ള സ്ഥലം സര്‍ക്കാരും എടുത്തുപറഞ്ഞിരിക്കുന്നു. പ്രവേശിപ്പിക്കുന്ന ആളുകളെ കുറിച്ച് യാതൊരു നിയന്ത്രണവുമില്ലെന്ന് ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡി.ഡി.എം.എ) വ്യക്തമാക്കിയ സ്ഥിതിക്ക് പള്ളിയിലെ കൂടുതല്‍ നിലകള്‍ തുറക്കുന്നതില്‍ എന്തു തടസ്സമാണുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മസ്ജിദ് വീണ്ടും തുറക്കാമെന്ന് ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചിരുന്നു.
വൈറസ് ബാധയെ തുടര്‍ന്ന് പൊതുപ്രവേശനം നിരോധിച്ച മര്‍കസ് നിസാമുദ്ദീനിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന വഖഫ് ബോര്‍ഡിന്റെ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മസ്ജിദ് ബംഗ്ലി വാലി, മദ്രസ കാശിഫുല്‍ഉലൂം, ബസ്തി ഹസ്രത്ത് നിസാമുദ്ദീനിലെ ഹോസ്റ്റല്‍ എന്നിവ 2020 മാര്‍ച്ച് മുതല്‍ പൂട്ടിയിരിക്കുകയാണെന്ന് വഖഫ് ബോര്‍ഡ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രാര്‍ഥനക്കായി ഒന്നാം നില മാത്രമേ തുറന്നുകൊടുക്കാനാവൂയെന്നും മറ്റുനിലകള്‍ തുറക്കാനാവില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച കോടതിയെ അറിയിച്ചത്.