മോസ്‌കോ- അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഉപരോധങ്ങള്‍ക്കു മറുപടിയായി റഷ്യ ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. മറ്റു രാജ്യങ്ങളില്‍ നിന്നു നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകള്‍, ടെലികോം, ടെക്‌നോളജി, കൃഷി മേഖലകളിലെ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വര്‍ഷം അവസാനം വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികള്‍ക്കു തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും. യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുള്‍പ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക. മറ്റു രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുക എന്നതിനെക്കാള്‍ ഉപരോധം റഷ്യയുടെ ആഭ്യന്തര വിപണിയില്‍ ക്ഷാമം സൃഷ്ടിക്കാതിരിക്കാനാണ് നേരത്തെ ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ വീണ്ടും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്.