പാലക്കാട് - സ്വതന്ത്രനെന്ന് രേഖപ്പെടുത്തി എം.പി.വീരേന്ദ്രകുമാർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നൽകിയ നാമനിർദ്ദേശപത്രിക തള്ളണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിനൊപ്പം നിൽക്കുന്ന ജനതാദൾ (യു) വിഭാഗത്തിന്റെ പ്രസിഡന്റ് ജോൺ ജോൺ വരണാധികാരിക്ക് പരാതി നൽകി.
ജനതാദൾ (യു) എന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് താനെന്നവകാശപ്പെട്ടുകൊണ്ട് നിരന്തരം പ്രസ്താവനകളിറക്കുന്ന വീരേന്ദ്രകുമാർ അത് മറച്ചുവെച്ചു കൊണ്ടാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്നും കളവായ അഫിഡവിറ്റ് നൽകിയതിനാൽ പത്രിക തള്ളണമെന്നും കാണിച്ചാണ് ജോൺ ജോൺ വരണാധികാരിയായ നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.
വരണാധികാരിയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശരത് യാദവ് നേതൃത്വം കൊടുക്കുന്ന ജനതാദൾ (യു) വിഭാഗത്തിന്റെ അധ്യക്ഷനാണ് താൻ എന്ന് വ്യക്തമാക്കിക്കൊണ്ട് വീരേന്ദ്രകുമാർ നടത്തിയ പ്രസ്താവനകൾ ഉയർത്തിക്കാണിച്ചാണ് മറുപക്ഷത്തിന്റെ നീക്കം. മുന്നണി മാറാനുള്ള തീരുമാനത്തെത്തുടർന്ന് പാർട്ടി വിട്ട ഒരു വിഭാഗം പ്രവർത്തകർ നേരത്തേ പ്രത്യേകയോഗം ചേർന്ന് ജോൺ ജോണിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ ഭാഗമായി തുടരാൻ തങ്ങളെ അനുവദിച്ചിട്ടുണ്ടെന്നാണ് ജോൺ ജോൺ അവകാശപ്പെടുന്നത്. നേരത്തേ പാലക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കേരളാ ജനതാ പാർട്ടിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം.
എം.പി.വീരേന്ദ്രകുമാർ പാലക്കാട്ടു നിന്ന് ലോക്‌സഭയിലേക്ക് മൽസരിച്ച സമയത്താണ് ആ പാർട്ടി ജനതാദൾ (യു)വിൽ ലയിച്ചത്. യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ച ജനതാദൾ (യു) നേതാക്കളും അവകാശപ്പെടുന്നത് ശരത് യാദവാണ് തങ്ങളുടെ നേതാവ് എന്നാണ്.