തിരുവനന്തപുരം- കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സിന്റെ പ്രവാസി തണൽ പദ്ധതി നിരവധി രേഖകൾ ഹാജരേക്കണ്ടതിനാൽ ഗുണഭോക്താക്കൾക്ക് തലവേദനയാകുന്നു. നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷനുമായി ചേർന്ന് ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ 25,000 രൂപയാണ് ഒറ്റത്തവണ സഹായമായി നൽകുന്നത്. അപേക്ഷിക്കുന്നതിന് വരുമാന പരിധി ബാധകമല്ല.
അർഹരായ ഒന്നിലധികം മക്കളുണ്ടെങ്കിൽ ഓരോരുത്തർക്കും സഹായം ലഭിക്കും.
ഇതിന് വേണ്ടി ഹാജരാക്കേണ്ട രേഖകൾ ഇവയാണ്. പ്രവാസിയുടെ പാസ്പോർട്ടിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ട്, പ്രവാസിയുടെ വിസയുടെ പകർപ്പ്, 18 വയസ്സിനു മുകളിലുള്ള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷാകർത്താവിന്റെയോ ആക്ടീവായ സേവിംംഗ്സ് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
25,000 രൂപയുടെ ധനസഹായത്തിനായി ഗുണഭോക്താക്കൾ രേഖകൾക്കായി അധികൃതരുടെ ഓഫീസുകൾകയറി ഇറങ്ങേണ്ടഗതികേടിലാണ്. ഇതിനാൽ പലർക്കും പദ്ധതിയുടെ സഹായം ലഭിക്കാതെയും വരുന്നു.
ംംം.ിീൃസമൃീീെേ.ീൃഴ എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പദ്ധതി വഴി ഇതുവരെ 341 പേർക്ക് മാത്രമാണ് 25,000 രൂപ വീതം വിതരണം ചെയ്തിട്ടുള്ളത്.
സഹായം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 0091 8802 012345 എന്ന നമ്പറിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.