Sorry, you need to enable JavaScript to visit this website.

ഗോവയില്‍ എംജിപിയെ കൂടെ കൂട്ടാന്‍ ബിജെപി നീക്കം; കോണ്‍ഗ്രസ് ശ്രമം ഇത്തവണയും പാളുമോ?

ന്യൂദല്‍ഹി- വ്യാഴാഴ്ച തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ഗോവയില്‍ എല്ലാ കണ്ണുകളും സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന പ്രാദേശിക പാര്‍ട്ടിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി(എംജിപി)യിലാണ്. ബിജെപിയോടും കോണ്‍ഗ്രസിനോടും അകലം പാലിച്ച് തൃണമൂല്‍ കോണ്‍ഗ്രസുമായാണ് എംജിപിയുടെ സഖ്യം. ഇത്തവണ തൂക്കുസഭ വരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതിനു പിന്നാലെ ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എംജിപിയെ കൂടെ കൂട്ടാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ്. ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് എംജിപി അധ്യക്ഷന്‍ സുദിന്‍ ധവാലിക്കര്‍ പറയുന്നത്. കോണ്‍ഗ്രസുമായും ബിജെപിയുമായും ചര്‍ച്ച നടന്നതായും അദ്ദേഹം പറയുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുള്ളതിനാല്‍ ഈ ഘട്ടത്തില്‍ ഒരു തീരുമാനം കൈകൊള്ളാന്‍ കഴിയില്ലെന്നും എ്ല്ലാം വ്യാഴാഴ്ച നാലു മണിയോടെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. എംജിപി-തൃണമൂല്‍ സഖ്യം 10 സീറ്റുകള്‍ നേടും. ഫലം വന്ന ശേഷം ആരെ പിന്തുണയ്ക്കണമെന്ന് ഞങ്ങളുടെ സഖ്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ ബിജെപി സഖ്യകക്ഷിയായിരുന്ന എംജിപി 2019ലാണ് ബിജെപിയോട് തെറ്റി എന്‍ഡിഎ സഖ്യം വിട്ടത്. 2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചത് സുദിന്‍ ധാവ്‌ലിക്കറിന്റെ നേതൃത്വത്തിലുള്ള എംജിപിയാണ്. എന്നാല്‍ ബിജെപി 2019ല്‍ എംജിപിയെ വിഴുങ്ങി സുദിനെ ഉപമുഖ്യമന്ത്രി പദവിയില്‍ നിന്ന് ഒരു കരുണയുമില്ലാതെ നീക്കുകയായിരുന്നു. എംജിപിക്ക് മൂന്ന് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. രണ്ടു എംഎല്‍എമാരെ ബിജെപി ചാക്കിട്ടു പിടിച്ചതോടെ സഭയില്‍ സുദിന്‍ ഒറ്റയ്ക്കായി. ഇതോടെ ബിജെപി അദ്ദേഹത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കി. ഈ സംഭവത്തിനു ശേഷമാണ് എംജിപി ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. 2019ല്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനു ശേഷം പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയായിരുന്നു ഈ സംഭവവികാസങ്ങള്‍. 

തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ ഇനി ബിജെപിയുമായുള്ള സഖ്യം ഒരിക്കലുമില്ലെന്ന് സുദിന്‍ പറഞ്ഞിരുന്നെങ്കിലും വോട്ടെണ്ണല്‍ അടുത്തതോടെ നിലപാടില്‍ അദ്ദേഹം അയവു വരുത്തിയെന്നാണ് കരുതപ്പെടുന്നത്. സുദിന്‍ ധവാലിക്കറിന് മുഖ്യമന്ത്രി പദവി വരെ ബിജെപി വാഗ്ദാനം ചെയ്തതായും റിപോര്‍ട്ടുണ്ട്. ബിജെപിയുടെ ഗോവയുടെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസും എംജിപിയെ കൂടെ കൂട്ടുമെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. എംജിപി ബിജെപിയുടെ സ്വാഭാവിക സഖ്യമാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം. ആവശ്യം വന്നാല്‍ എംജിപി ബിജെപിയെ പിന്തുണയ്ക്കുമെന്ന് പനജിയിലെ ബിജെപി സ്ഥാനാര്‍ത്ഥി അതനാസിയോ ബാബുഷ് മോന്‍സെറാതെയും പറഞ്ഞു. 

ബിജെപിക്കും കോണ്‍ഗ്രസിനും 16 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ഭരണം ഉറപ്പിക്കാന്‍ 21 സീറ്റുകളാണ് വേണ്ടത്. എംജിപിയും മുന്നേറ്റമുണ്ടാക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ നേടുമെന്നും പ്രവചിക്കപ്പെടുന്നു.

Latest News