ന്യൂദല്‍ഹി- വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ വിചാരണ കോടതി കൈകാര്യം ചെയ്ത രീതിയെ ചോദ്യം ചെയ്ത ദല്‍ഹി ഹൈക്കോടതി, ഒരു വ്യക്തിയെ തടങ്കലില്‍ വെക്കുന്നതിന് ശക്തമായ കാരണങ്ങള്‍ ആവശ്യമാണെന്നു അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ഷര്‍ജീലിന് ജാമ്യം അനുവദിച്ചികൂടെന്ന് വിശദീകരിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍, ജസ്റ്റിസ് അനൂപ് കുമാര്‍ മെന്‍ദിരട്ട എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്, ശിക്ഷിക്കപ്പെടുന്നതിന് മുമ്പുള്ള നിര്‍ബന്ധിത സാഹചര്യങ്ങളുടെ അഭാവത്തില്‍ തടങ്കല്‍ അനുവദിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു. 'ഒരാളെ കുറ്റക്കാരനാക്കി ശിക്ഷിക്കുന്നത് മറ്റൊരു കാര്യമാണ്, പക്ഷേ ശിക്ഷക്ക് മുമ്പുള്ള തടങ്കലിന് ശക്തമായ കാരണങ്ങളുണ്ടാകണം. ഈ വിചാരണ തീരാന്‍ എത്ര സമയമെടുക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല.
ഐപിസി പ്രകാരം 2020 ജനുവരി 25ന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യാപേക്ഷ തള്ളിയ ജനുവരി 24ലെ ഉത്തരവ് റദ്ദാക്കണമെന്ന് ഇമാം അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.