ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം ആരോപിച്ചു തെരഞ്ഞെടുപ്പു കമ്മിഷനു കത്തെഴുതി സമാജ്‌വാദി പാര്‍ട്ടി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ വെബ് കാസ്റ്റിംഗ് നടത്തണമെന്നാണ് ആവശ്യം.
ഇതിന്റെ ലിങ്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികള്‍ തുടങ്ങിയവര്‍ക്കു വിതരണം ചെയ്യണമെന്നും സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. രാഷ്ട്രീയ കക്ഷികള്‍ക്കു വോട്ടെണ്ണല്‍ പ്രക്രിയ തല്‍സമയം വീക്ഷിക്കുന്നതിനാണിത്. വോട്ടെണ്ണല്‍ പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ജനവിധി തട്ടിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വാരാണസിയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ട്രക്കില്‍ കയറ്റി കൊണ്ടുപോകുന്നതു സമാജ്‌വാദി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.