അബുദബി- യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന വിദേശികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കം. തൊഴിൽ വിസക്ക് അപേക്ഷിച്ചാൽ പരിശോധന ശക്തമാക്കുകയും പ്രസ്തുത ജോലിക്ക് യോഗ്യതയുള്ള സ്വദേശിയെ കണ്ടെത്തിയാൽ പ്രവാസികളുടെ അപേക്ഷ തള്ളുകയും ചെയ്യുന്ന പ്രക്രിയ നടപ്പിലാക്കാൻ ഫെഡറൽ നാഷണൽ കൗൺസിലിന്റെ നിർദേശം. തൊഴില്‍ അന്വേഷിക്കുന്ന സ്വദേശികള്‍ക്ക് യോഗ്യതയ്ക്കനുസരിച്ച ജോലി ഉറപ്പു വരുത്തുന്നതിനാണ് നടപടി കര്‍ശനമാക്കിയത്. ജോലി തേടുന്ന സ്വദേശികളുടെ ഡാറ്റാബേസ് പരിശോധിച്ച് യോഗ്യരായവരെ കണ്ടെത്തിയില്ലെങ്കില്‍ മാത്രം വിദേശികള്‍ക്ക് തൊഴില്‍ വിസ നല്‍കിയാല്‍ മതിയെന്നാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ നിര്‍ദേശം. റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ എല്ലാ സ്ഥാപനങ്ങളും ഈ പരിശോധന നിര്‍ബന്ധമാക്കണമെന്ന് കൗണ്‍സില്‍ മാനവശേഷി, സ്വദേശിവല്‍ക്കര മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയോട് ആവശ്യപ്പെട്ടു.
ജോലി ഇല്ലാത്ത ഒരു ഇമാറാത്തി ഉണ്ടെന്നറിഞ്ഞാല്‍ ഉടന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂവെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ഹമദ് അല്‍ റഹൂമി പറഞ്ഞു. സ്വന്തം രാജ്യത്ത് സ്വദേശികള്‍ക്ക് ജോലി ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്. എല്ലാവരും ഇതു കണക്കിലെടുക്കേണ്ടതുണ്ടെന്ന് മന്ത്രി അല്‍ ഹംലി വ്യക്തമാക്കി.
യുഎഇയിലെ തൊഴില്‍ നിയന്ത്രണത്തിനായി 1980-ല്‍ കൊണ്ടു വന്ന നിയമത്തില്‍ ഇക്കാര്യം വളരെ വ്യക്തമാക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ ഇതു നടപ്പിലാക്കിയിട്ടില്ലെന്നും റഹൂമി ചൂണ്ടിക്കാട്ടി. ഒരു ജോലിക്ക് യോഗ്യതയുള്ള ഇമാറാത്തി ഉണ്ടായിരിക്കെ ഇതേ ജോലി ഒരു വിദേശിക്ക് നല്‍കുന്നതിന് നിയമപ്രകാരം വിലക്കുണ്ട്. പക്ഷെ ഇതുവരെ ഈ നിയമം നടപ്പിലാക്കിയിട്ടില്ലെന്നും റഹൂമി പറഞ്ഞു. സ്വകാര്യ മേഖലാ തൊഴിലുകള്‍ക്കു മേല്‍ മന്ത്രാലയത്തിന്റെ കര്‍ശന നിരീക്ഷണമുണ്ടായിരിക്കണമെന്നും റഹൂമി ആവശ്യപ്പെട്ടു. 55 ശതമാനം തൊഴിലുകളും വിദേശികള്‍ക്കു നല്‍കിയ ഒരു സ്ഥാപനത്തെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
സ്വദേശികളായ തൊഴില്‍ അന്വേഷകരുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കണമെന്നും വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതിനു മുമ്പ് അവരുടെ അപേക്ഷ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങളും കമ്പനികളും ഈ ഡാറ്റാബേസ് ഉപയോഗിച്ച് പരിശോധിച്ച് യോഗ്യരായ സ്വദേശികളെ കണ്ടെത്തുന്ന പക്ഷം അവര്‍ക്ക് ജോലി നല്‍കണമെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു ജോലിക്ക് യോഗ്യതയുള്ള ഇമാറാത്തി ഉണ്ടായിരിക്കെ വിദേശിക്ക് ആ ജോലി നല്‍കുന്നില്ലെന്ന് മാനവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയം ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ കര്‍ശനമായി നിര്‍ദേശിച്ചു.