ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ 32 വര്‍ഷത്തോളമായി തടവില്‍ കഴിയുകയായിരുന്നു. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുന്ന ഏഴു പ്രതികളില്‍ ഒരാളാണ് പേരറിവാളന്‍. ജാമ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. 30 വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോള്‍ കേന്ദ്രം ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും ഹര്‍ജിക്കാരന്‍ ജാമ്യത്തിന് അര്‍ഹനാണെന്ന് ബെഞ്ച് വ്യക്തമാക്കി.
ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് പേരറിവാളന്‍ 2016ല്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് പെറ്റീഷനിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. പേരറിവാളന്‍ ഇപ്പോള്‍ പരോളിലാണ്. നേരത്തെ മൂന്ന് തവണ അദ്ദേഹത്തിന് പരോള്‍ അനുവദിച്ചിട്ടുണ്ട്. തടവില്‍ കഴിയവെ പേരറിവാളന്‍ സ്വന്തമാക്കിയ വിദ്യാഭ്യാസ യോഗ്യതകളും നൈപുണികളും അദ്ദേഹത്തിന്റെ മോശം ആരോഗ്യ സ്ഥിതിയും കോടതി പരിഗണിച്ചു. ജോലാര്‍പെട്ടൈ പോലീസ് സ്റ്റേഷനില്‍ എല്ലാ മാസവും ആദ്യ ആഴ്ച റിപോര്‍ട്ട് ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
വര്‍ഷങ്ങളായി ദയാഹര്‍ജി തീര്‍പ്പാകാതെ തുടരുന്നത് കണക്കിലെടുത്ത് പേരറിവാളന്റേയും മറ്റു രണ്ടു പ്രതികളുടേയും വധശിക്ഷ 2014ല്‍ സുപ്രീം കോടതി ഇളവ് ചെയ്തിരുന്നു.
ഒരു ബാറ്ററി വാങ്ങിയതാണ് കേസില്‍ പേരറിവാളനെതിരായ ഏക തെളിവ്. ഇതിന് കേസുമായി ബന്ധമില്ലെന്നും നിരപരാധിയായ പേരറിവാളനെ കുടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പൗരാവകാശ സംഘടനകളും പേരറിവാളന്റെ അമ്മയും നീണ്ട നിയമ പോരാട്ടം നടത്തിയിരുന്നു.