ലഖ്‌നൗ- ഉത്തർ പ്രദേശിലെ ഗൊരഖ്പൂർ, ഫുൽപൂർ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ബിജെപി ശക്തി കേന്ദ്രമായ ഗൊരഖ്പൂരിൽ തുടക്കത്തിൽ ബി.ജെ.പിയായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ ഇടക്ക് പാർട്ടി പിറകിൽ പോയി. ഇവിടെ ട്രെന്റ് റിപ്പോർട്ട് ചെയ്യരുതെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇതേതുടർന്ന് മാധ്യമപ്രവർത്തകരെ വോട്ടെണ്ണൽ കൗണ്ടറിൽനിന്ന് പുറത്താക്കി. അതേസമയം, ഫുൽപൂരിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി വ്യക്തമായ ലീഡ് നേടി. രണ്ടു സീറ്റും ബിജെപിയുടെ പക്കലായിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്ന ബിഹാറിലെ അറാറിയ ലോക്‌സഭാ മണ്ഡലത്തിലും ഭാബുവ നിയമസഭാ മണ്ഡലത്തിലും ബിജെപി തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. ജഹനാബാദിൽ ആർജെഡിയും മുന്നിട്ടു നിൽകുന്നു.
ഗൊരഖ്പൂർ എംപിയായിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപമുഖ്യമനന്ത്രിയായ കേശവ് പ്രസാദ് മൗര്യയുടെ ഒഴിവിലേക്കാണ് ഫുൽപൂരിൽ വോട്ടെടുപ്പ് നടന്നത്. യുപിയിൽ പ്രതിപക്ഷമായ എസ് പിയുടെ ബിഎസപിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആദിത്യനാഥ് രണ്ടു മണ്ഡലങ്ങളും പ്രചാരണ രംഗത്ത് സജീവമായുണ്ടായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴസലാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഗൊരഖ്പൂരിൽ 47 ശതമാനവും ഫുൽപൂരിൽ 38 ശതമാനവുമായിരുന്നു പോളിങ്ങ്.