Sorry, you need to enable JavaScript to visit this website.

യുക്രൈന് നാറ്റോ അംഗത്വം വേണ്ട, റഷ്യയുമായി ഒത്തുതീര്‍പ്പിന് തയാറെന്ന് സെലന്‍സ്‌കി; കീഴടങ്ങുമോ?

കീവ്- യുക്രൈനില്‍ കടന്നു കയറിയ റഷ്യ ആക്രമണം ശക്തമായി തന്നെ തുടരുമ്പോള്‍ മുന്‍നിലപാടുകളില്‍ നിന്ന് പിന്‍മാറുമെന്ന് സൂചന നല്‍കി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. പാശ്ചാത്യ രാജ്യങ്ങളോട് അടുപ്പം കാണിച്ച് നാറ്റോ സൈനിക സഖ്യത്തില്‍ യുക്രൈന്‍ അംഗത്വത്തിന് ശ്രമിച്ചതാണ് റഷ്യ ആ രാജ്യത്തെ ആക്രമിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍ നാറ്റോ അംഗത്വത്തിനായി നിര്‍ബന്ധം പിടിക്കുന്നില്ലെന്നും റഷ്യ സ്വതന്ത്രരാജ്യങ്ങളായി പ്രഖ്യാപിച്ച രണ്ട് യുക്രൈന്‍ മേഖലകളായ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് എന്നിവയുടെ കാര്യത്തില്‍ ഒരു ഒത്തുതീർപ്പിലെത്താൻ തയാറാണെന്നും എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു. 

യുക്രൈനെ സ്വീകരിക്കാന്‍ നാറ്റോ തയാറായിട്ടില്ലെന്ന് വളരെ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യയുമായി ഏറ്റുമുട്ടുന്നതിലും വിവാദ കാര്യങ്ങളിലും നാറ്റോയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുട്ടിലിഴഞ്ഞ് യാചിക്കേണ്ടി വരുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റായിരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു നാറ്റോ അംഗത്വത്തിന് യുക്രൈന്‍ അപേക്ഷിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സെലന്‍സ്‌കിയുടെ മറുപടി.

സോവിയറ്റ് യൂനിയനില്‍ നിന്നും യുറോപ്പിനെ രക്ഷിക്കാന്‍ ലോക യുദ്ധകാലത്ത് രൂപം കൊണ്ട സൈനിക സഖ്യമാണ് നാറ്റോ. ഈ നാറ്റോയില്‍ റഷ്യയോട് അതിര്‍ത്തി പങ്കിടുന്ന യുക്രൈന്‍ അംഗത്വമെടുക്കുന്നതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കിയ നാറ്റോ സഖ്യം കിഴക്കിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുന്നതാണ് റഷ്യയെ ചൊടിപ്പിക്കുന്നത്. നാറ്റോയുടെ സൈനിക സാന്നിധ്യം അടുത്തടുത്ത് വരുന്നത് വലിയ ഭീഷണി ആയാണ് റഷ്യ കാണുന്നത്.

ഫെബ്രുവരി 24നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ യുക്രൈനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച് അധിനിവേശം തുടങ്ങിയത്. ഇതിനു തൊട്ടു മുമ്പായാണ് യുക്രൈനിലെ റഷ്യന്‍ അനുകൂല പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് എന്നീ മേഖലകളെ റഷ്യ സ്വതന്ത്രരാജ്യങ്ങളായി അംഗീകരിച്ചത്. 2014 മുതല്‍ യുക്രൈന്‍ സര്‍ക്കാരുമായി പോരിലാണ് ഈ രണ്ടു മേഖലകളും. ഇവയെ യുക്രൈനും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കണമെന്നാണ് പുടിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് എബിസി അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞത്. കൃത്രിമ റിപബ്ലിക്കുകളായ ഈ പ്രദേശങ്ങളെ റഷ്യ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങള്‍ എങ്ങനെ മുന്നോട്ടു പോകണമെന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്ത് ഒരു ഒത്തുതീര്‍പ്പിലെത്താം- സെലന്‍സ്‌കി പറഞ്ഞു. യുക്രൈനൊപ്പം നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. അവരെ കൂടെ നിര്‍ത്തണമെന്നാണ് യുക്രൈന്‍ ആഗ്രഹിക്കുന്നത്- സെലന്‍സ്‌കി പറഞ്ഞു.
 

Latest News