ലണ്ടൻ- ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. കേംബ്രിഡ്ജിലെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ തങ്ങളുടെ പ്രിയ അച്ഛൻ വിട പറഞ്ഞുവെന്ന് മക്കളായ റോബർട്ടും ടിമും പ്ര്‌സ്താവനയിൽ പറഞ്ഞു. അദ്ദേഹം വലിയ ശാസ്ത്രജ്ഞനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനവും പാരമ്പര്യവും വർഷങ്ങളോളം നിലനിൽക്കുമെന്നും മക്കൾ പറഞ്ഞു. നാഡീ കോശങ്ങളെ തകർത്തുന്ന മാരകമായ അസുഖമായ അമയോട്രോപ്പിക് ലാറ്ററൽ സ്‌ക്ലീറോസിസ്(മോട്ടോർ ന്യൂറോൺ ഡിസീസ്) എന്ന അസുഖബാധിതനായിരുന്നു.
യു.കെയിലെ ഓക്‌സ്ഫഡിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജനനം. ഓക്‌സ്ഫഡ് സർവ്വകലാശാലയിൽ ബിരുദപഠനത്തിന് ശേഷം കേംബ്രിഡ്ജിൽ ഗവേഷണത്തിന് ചേരാനിരിക്കെയാണ് അസുഖബാധിതനായത്. പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന അസുഖം ബാധിച്ചതാണെന്ന് പിന്നീട് വിശദമായ പരിശോധനയിൽ കണ്ടെത്തി. പിന്നീട് രോഗം മൂർച്ഛിക്കുകയും ചലനശേഷിയും സംസാരിക്കാനുള്ള കഴിവും നഷ്ടമായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയായിരുന്നു സംസാരം. പഠനം തുടർന്ന സ്റ്റീഫൻ ഹോക്കിംങ് മഹാസ്‌ഫോടന സിദ്ധാന്തത്തെയും തമോഗർത്തങ്ങളെയും പറ്റി പഠിച്ചു.
കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നു. കേംബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ് ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. അവരിരുവരും ചേർന്ന് ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന് പുതിയ വിശദീകരണം നൽകി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്‌കരിച്ചു.
നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ.ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.
1996-ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിങ് അതേവർഷം തന്നെ സിംഗുലാരിറ്റീസ് ആന്റ് ജ്യോമെട്രി ഓഫ് സ്‌പെയ്‌സ് ടൈം എന്ന പേരിൽ എഴുതിയ പ്രബന്ധത്തിന് ആദംസ് പ്രൈസ് ലഭിച്ചു.
ഗവേഷണ ബിരുദം നേടിയ ശേഷം 1965ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. ഇവരിൽ ലൂസി, തിമോത്തി, റോബർട്ട് എന്നീ മക്കൾ ജനിച്ചു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991ൽ അവർ വിവാഹമോചനം നേടി. എലെയ്ൻ മേസൺ എന്ന നഴ്‌സിനെയാണ് പിന്നീട് വിവാഹം ചെയ്തത്.