കോഴിക്കോട്- ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അമ്പലപ്പടി-ചെറുകുളം ഭാഗത്ത് നിലനിൽക്കുന്ന നിലവിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഈ ഭാഗത്ത് അണ്ടർപാസും കൾവർട്ടുകളും ഉള്ളതിനാൽ വീടുകൾക്കും യാത്രക്കാർക്കും പ്രയാസകരമല്ലാത്ത രീതിയിൽ സർവീസ് റോഡുകൾ ക്രമീകരിക്കും. അതിനായി സ്ഥലം സന്ദർശിച്ച് ശാസ്ത്രീയ പരിശോധന നടത്താനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. അണ്ടർപാസിന് 4.5 മീറ്ററാണ് ഉയരം.
നിലവിലുള്ള റോഡ് ഉയരം കുറച്ച് എച്ച്.ടി.എല്ലിന്റെ ഉയരത്തിനനുസരിച്ച് അടിഭാഗം ക്രമീകരിക്കാനുള്ള സാധ്യതയും തേടി. ഹൈവേ വന്നതിന്റെ ഭാഗമായി മൊകവൂർ-അമ്പലപ്പടി ഭാഗങ്ങളിൽ നിലനിൽക്കുന്ന വെള്ളക്കെട്ട് പ്രശ്നം ഡ്രൈനേജ് സംവിധാനമൊരുക്കി പരിഹാരം കാണുമെന്ന് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാതാ വിഭാഗം പ്രൊജക്ട് ഡയറക്ടർ നിർമൽ സഹദേവ്, കൺസൾട്ടന്റ് ടീം ലീഡർ പ്രഭാകരൻ, കൺസൾട്ടന്റ് റസി. എൻജിനീയർ ശശികുമാർ, കരാറുകാരായ കെ.എം.സിയുടെ പ്രൊജക്ട് മാനേജർ ദേവരാജ റെഡ്ഡി, നാസർ, കൗൺസിലർമാരായ വി.പി മനോജ്, എസ്.എം തുഷാര, ഇ.പി സഫീന, മൊകവൂർ വാർഡ് കൺവീനർ സി.വി. ആനന്ദകുമാർ, ഇ.വി സദാശിവൻ, സി.ദാസൻ, പി. രഘുനാഥ്, പി.ജയരാജൻ എന്നിവർ പങ്കെടുത്തു.