കൊച്ചി- നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ ഹാര്‍ഡ്ഡിസ്‌കില്‍ പകര്‍ത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക് പരിശോധന നടത്തിയ സ്വകാര്യ ലാബിലെ സാങ്കേതിക വിദഗ്ധരില്‍നിന്നാണ് ഫോണിലെ രഹസ്യങ്ങള്‍ ഒരു എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തിയതായി വിവരം ലഭിച്ചത്. ഈ ഹാര്‍ഡ് ഡിസ്‌ക് ദിലീപ് നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. അഭിഭാഷകരുടെ ഒത്താശയോടെയായിരുന്നു ഈ നടപടികളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പ് ടി വര്‍ഗീസാണ് ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി മുംബൈ മഹാപെയിലുള്ള എസ് വെങ്കിടേഷിന്റെ ഉടമസ്ഥതയിലുള്ള ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ഡിസംബര്‍ 17ന് കൊറിയറില്‍ അയച്ചത്. നാല് ഫോണുകളാണ് പരിശോധനക്ക് അയച്ചിരുന്നത്. പോലീസ് ഫോണ്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ ലാബില്‍ ഫോറന്‍സിക് പരിശോധന നടത്തിയാല്‍ കള്ളത്തെളിവുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിന് മുമ്പേ ഫോണിലെ പഴയ ഡാറ്റ വീണ്ടെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിക്ക് നല്‍കുകയായിരുന്നു ലക്ഷ്യമെന്നാണ് ദിലീപിന്റെ വിശദീകരണം.
എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഫോണുകള്‍ 31ന് രാവിലെ ഹാജരാക്കാന്‍ ജനുവരി 29ന് ഉത്തരവിട്ടു. 30ന് നാല് അഭിഭാഷകര്‍ വിമാനമാര്‍ഗം മുംബൈയിലെത്തിയാണ് ഫോണുകള്‍ വാങ്ങിക്കൊണ്ടുവന്നത്. അവിടെ വെച്ച് ഫോണുകളിലെ ഡാറ്റ ഒരു എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയതായി ലാബിലെ ഫോറന്‍സിക് കണ്‍സള്‍ട്ടന്റായ സച്ചിന്‍ ഭുവാദ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ദിലീപിന്റെ ഒരു ഫോണിലെ ചില വിവരങ്ങള്‍ നശിപ്പിച്ചിരുന്നതായി പിന്നീട് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം മുംബൈയിലെ ലാബിലെത്തി പരിശോധന നടത്തിയത്. ഒരു ഫോണില്‍ നിന്ന് ഡാറ്റ പ്രത്യേക സോഫ്റ്റ് വെയര്‍ ടൂള്‍ ഉപയോഗിച്ച് മാറ്റുന്നതിന് 75,000 രൂപയാണ് മുംബൈയിലെ ലാബ് വാങ്ങുന്ന ഫീസ്.
തെളിവുകള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കുന്നതിന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് വീണ്ടും അനുമതി തേടാനുള്ള നിയമോപദേശം പോലീസ് തേടിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു കുറ്റകൃത്യം നടന്ന ശേഷം പ്രതിക്ക് നിയമസഹായം നല്‍കേണ്ട അഭിഭാഷകര്‍ കുറ്റകൃത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്നത് അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.