Sorry, you need to enable JavaScript to visit this website.

ഇന്ധന വില വര്‍ധന തീരുമാനം ജനങ്ങളുടെ താൽപര്യം കണക്കിലെടുത്തെന്ന് പെട്രോളിയം മന്ത്രി

ന്യൂദല്‍ഹി- അസംസ്‌കൃത എണ്ണ വില ആഗോള വിപണിയില്‍ കുതിച്ചുയരുമ്പോള്‍ രാജ്യത്ത് ഇന്ധന വില കുത്തനെ ഉയരുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധന സംബന്ധിച്ച് ജനങ്ങളുടെ ഉത്തമ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ദിവസം അവസാനിച്ചതോടെ ഉടന്‍ വിലവര്‍ധന ഉണ്ടാകുമെന്ന് ഭയന്ന് കഴിഞ്ഞ ദിവസം ജനങ്ങള്‍ വന്‍തോതില്‍ ഇന്ധനം വാങ്ങിക്കൂട്ടിയിരുന്നു.

തെരഞ്ഞെടുപ്പു നടക്കുന്നത് കാരണം സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിച്ചു എന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില നിര്‍ണയിക്കപ്പെടുന്നത് ആഗോള വിലകളുടെ അടിസ്ഥാനത്തിലാണ്. ഒരു ഭാഗത്ത് യുദ്ധ സമാന സാഹചര്യം നിലനില്‍ക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ അതു കണക്കിലെടുക്കും. സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ ഉത്തരമ താല്‍പര്യത്തിന് അനുസരിച്ചായിരിക്കും- മന്ത്രി പറഞ്ഞു. 

രാജ്യത്തിന്റെ ആവശ്യത്തിനുള്ള എണ്ണ ഉറപ്പു വരുത്തുമെന്നും ക്രൂഡോയില്‍ കമ്മി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമുള്ള ക്രൂഡോയില്‍ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. വാതകത്തിന്റെ കാര്യത്തില്‍ 50-55 ശതമാനവും ഇറക്കുമതി ചെയ്യുന്നുവെന്നും മന്ത്രി അറിയിച്ചു.
 

Latest News