Sorry, you need to enable JavaScript to visit this website.

സൗദിയിലുള്ളവർ ശ്രദ്ധിക്കുക; പണം അയക്കുന്ന യുആർ പേ ആപ്പിന്റെ പേരിലും തട്ടിപ്പിനു ശ്രമം

ജിദ്ദ- പ്രവാസികൾ കഴിഞ്ഞ മാസം ധാരളമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ച യുആർ പേ ആപ്പിന്റെ പേരിലും തട്ടിപ്പിനു നീക്കം തുടങ്ങി. അക്കൗണ്ട് വെരിഫിക്കേഷനെന്ന പേരിൽ നിരവധി പേർക്ക് കഴിഞ്ഞ് ദിവസങ്ങളിൽ ഫോൺകോൾ ലഭിച്ചു. യുആർ പേയുടേയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പേരിലാണ് ആദ്യം ഇഖാമ നമ്പറും പിന്നീട് മറ്റു സ്വകാര്യ വിവരങ്ങളും അന്വേഷിക്കുന്നത്. 

ബാങ്ക് അക്കൗണ്ട് നമ്പറുകളും പാസ് വേഡുകളും കരസ്ഥമാക്കി പണം ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ തന്നെയാണ് പുതിയ നീക്കത്തിനു പിന്നിലും. ട്രാൻസ്ഫർ ചാർജ് ഒഴിവാക്കിയതിനു പുറമെ അഞ്ച് ശതമാനം കാഷ് ബാക്ക് ഓഫറും നൽകിയതിനാൽ കഴിഞ്ഞ മാസം ആയിരക്കണക്കിനാളുകളാണ് ആപ്പ് സ്റ്റോറുകളിൽനിന്ന് യുആർപേ ആപ്പ് ഡൗൺലോഡ് ചെയ്ത് പണം അയച്ചത്. അൽരാജ്ഹി ബാങ്കിന്റെ ഡിജിറ്റൽ പേ വാലറ്റാണ് യുആർ പേ. 

അവസാനദിവസങ്ങളിൽ പണം അയച്ച പലർക്കും സെർവർ തകരാറായതിനാൽ പണം യഥാസമയം നാട്ടിൽ ബാങ്കുകളിൽ എത്തിയിട്ടില്ല. ഇക്കാര്യവും തട്ടിപ്പിനു ശ്രമിക്കുന്ന സംഘം പറയുന്നുണ്ട്. യുആർ പേയെ കുറിച്ച് അറിയാത്തവരോട് ഇപ്പോഴും അഞ്ച് ശതമാനം കാഷ് ബാക്ക് ലഭിക്കുമെന്നും പറയുന്നു. അതേസമയം അഞ്ച് ശതമാനം കാഷ് ബാക്ക് ഫെബ്രുവരി 28 ന് യുആർ പേ നിർത്തിയിരുന്നു. ഇപ്പോൾ ട്രാൻസ്ഫർ ചാർജ് ഇല്ലെന്നത് മാത്രമാണ് അധിക ആനുകുല്യം.

ഇത്തരത്തിൽ രഹസ്യ , സ്വകാര്യ വിവരങ്ങൾ അന്വേഷിക്കുന്നവർക്ക് ഫോൺ വഴി ആയാലും വാട്സാപ്പ് വഴി  ആയാലും നൽകാതിരിക്കുക മാത്രമാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള ഭാഗം. അക്കൗണ്ട് വെരിഫിക്കേഷനും എ.ടി.എം വെരിഫിക്കേഷനുമൊന്നും ടെലിഫോൺ വഴി ബന്ധപ്പെടില്ലെന്നും വിവരങ്ങൾ നൽകരുതെന്നും സൗദിയിലെ ബാങ്കുകൾ ആവർത്തിച്ചു വ്യക്തമാക്കാറുള്ളതാണ്. എങ്കിൽ പോലും വിദ്യാസമ്പന്നർക്ക് പോലും ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നു.

വൈദ്യുതി ബിൽ കുടിശ്ശികയുള്ളതിനാൽ വിഛേദിക്കാൻ പോകുകയാണെന്ന് അറിയിച്ചും തട്ടിപ്പുകാർ രംഗത്തുണ്ട്. ബിൽ അടച്ചതാണല്ലോ എന്നു പറയുന്നവരോട് സെർവർ തകരാറാണെന്നു പറഞ്ഞ് പുതിയ ആപ്പിന്റെ ലിങ്കും പുരിപ്പിച്ചു നൽകാൻ ഗൂഗിൾ ഫോം നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരിക്കലും വൈദ്യുതി വിഛേദിക്കില്ലെന്നും ഇങ്ങനെയുള്ള കോളുകളെ കുറിച്ചും ധാരാളം അന്വേഷണങ്ങള് ലഭിക്കുന്നതായും ഇലക്ട്രിസിറ്റി കമ്പനി അധികൃതർ പറയുന്നു. 


VIDEO വിവാഹ മണ്ഡപത്തിൽ
സ്ത്രീധനം ചോദിച്ച് വരൻ,
അല്ലെങ്കിൽ ഇറങ്ങിപ്പോകുമെന്ന് ഭീഷണി

Latest News