പനജി- ഗോവയില്‍ 2017ല്‍ ഉണ്ടായ തിരിച്ചടി ഒഴിവാക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ എല്ലാം റിസോര്‍ട്ടിലേക്കു മാറ്റുന്നതായി റിപോര്‍ട്ട്. മാര്‍ച്ച് 10ന് ഫല വരുമ്പോള്‍ ജയിക്കുന്ന എംഎല്‍എമാരെ ബിജെപി റാഞ്ചിയേക്കുമെന്ന് ഭയന്നാണ് ഈ നീക്കം. 2017ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചു വര്‍ഷത്തിനിടെ ഭൂരിപക്ഷം എംഎല്‍എമാരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്കും മറ്റു ചേക്കേറുകയും ചെയ്തു. ഈ ദുരനുഭവം മുന്നില്‍ കണ്ടാണ് ഇത്തവണ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.
വ്യക്തമായ ഭൂരിപക്ഷം ഒരു പാര്‍്ട്ടിക്കും ലഭിക്കില്ലെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. ബിജെപിയും കോണ്‍ഗ്രസും സാധ്യത മുന്നില്‍ കാണുന്നുണ്ട്. അപകടം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മുന്‍കൂട്ടി സഖ്യ ശ്രമങ്ങളും ആരംഭിച്ചതായാണ് റിപോര്‍ട്ട്. ബംഗാളിലും ദല്‍ഹിയിലും എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസുമായും ആം ആദ്മി പാര്‍ട്ടിയുമായുമാണ് കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനായി ദൂതന്‍മാരേയും അയച്ചതായാണ് റിപോര്‍ട്ട്.
ഇതിനായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ പി ചിദംബരം, ഡി കെ ശിവകുമാര്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗോവയില്‍ ബിജെപിക്കെതിരെ മത്സരിച്ച ഏതു പാര്‍ട്ടിയുമായി സഖ്യത്തിന് ഒരുക്കമാണെന്ന് ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുന്‍ഡു റാവു പറഞ്ഞു. ബിജെപി ഇതര സഖ്യത്തിന് ആം ആദ്മി പാര്‍ട്ടിയും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തങ്ങളെ സമീപിച്ചതായി എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമിത് പാലേക്കറും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.