മോസ്‌കോ- റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്കും ഉപരോധമേര്‍പ്പെടുത്തിയാല്‍ പാശ്ചാത്യരാജ്യങ്ങള്‍ എണ്ണയ്ക്ക് അപ്രവചനീയമായ വിലവര്‍ധന നേരിടേണ്ടി വരുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യയുടെ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും റഷ്യ-ജര്‍മനി വാതക പൈപ്പ്‌ലൈന്‍ അടച്ചേക്കുമെന്നും പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വില വര്‍ധന മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയത്.
റഷ്യയുടെ എണ്ണ നിരസിച്ചാല്‍ ആഗോള വിപണിയില്‍ ദുരന്തപൂര്‍ണമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നത് വളരെ വ്യക്തമാണെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി അലെക്‌സാന്‍ഡര്‍ നൊവാക് പറഞ്ഞു. വില വര്‍ധന അപ്രവചീനയമായിരിക്കുമെന്നും ക്രൂഡ് ഓയില്‍ ബാരലിന് 300 രൂപയായി ഉയര്‍ന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
റഷ്യയില്‍ നിന്ന് ലഭിക്കുന്ന തോതില്‍ യൂറോപ്പിന് എണ്ണ ലഭിക്കണമെങ്കില്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കുമെന്നും അതിന് വളരെ വലിയ വില തന്നെ നല്‍കേണ്ടി വരുമെന്നും നൊവാക് പറഞ്ഞു.