കറാച്ചി- 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ അഞ്ച് ഭീകരരില്‍ ഒരാളായ മിസ്ത്രി സഹൂര്‍ ഇബ്രാഹിമിനെ അജ്ഞാത സംഘം കറാച്ചിയില്‍ വെടിവച്ചു കൊന്നു. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് ഇബ്രാഹിമിന്റെ അദ്ദേഹത്തിന്റെ ഫര്‍ണിചര്‍ ഷോപ്പില്‍ കയറി വകവരുത്തിയത്. സാഹിദ് അഖുന്ദ് എന്ന പുതിയ പേരില്‍ ആള്‍മാറാട്ടം നടത്തി കറാച്ചിയില്‍ ഒരു ഫര്‍ണിചര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ഇബ്രാഹീം. മാര്‍ച്ച് ഒന്നിന് വളരെ ആസൂത്രിതമായാണ് ഈ കൊല നടന്നതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ട് വെടിയുണ്ടകള്‍ ഇബ്രാഹിമിന്റെ തലയില്‍ തുളച്ചു കയറിയിട്ടുണ്ട്.
1999 ഡിസംബര്‍ 24ന് നേപാളിലെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് റാഞ്ചിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊല്ലപ്പെട്ട യാത്രക്കാരനായ റിപന്‍ കത്യാലിനെ കുത്തിയത് ഇബ്രാഹീം ആയിരുന്നുവെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നേരത്തെ പറഞ്ഞിരുന്നു. ഇബ്രാഹിമിന്റെ വധത്തോടെ ഈ വിമാന റാഞ്ചലിന് നേതൃത്വം നല്‍കിയ അഞ്ചു ഭീകരരില്‍ ഇനി രണ്ടു പേര്‍ മാത്രമെ പാക്കിസ്ഥാനില്‍ ജീവിച്ചിരിപ്പുള്ളൂ എന്നും ഇന്ത്യന്‍ ഏജന്‍സികള്‍ പറയുന്നു.
താലിബാന്‍ നിയന്ത്രണത്തിലുള്ള കാണ്ഡഹാര്‍ വിമാനത്താവളത്തിലാണ് റാഞ്ചിയ വിമാനം ഭീകരര്‍ ഇറക്കിയത്. ഇവരുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ വിമാനത്തിലെ 170 യാത്രക്കാരേയും രക്ഷപ്പെടുത്തി. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക് ഭീകരരായ മസൂദ് അസ്ഹര്‍, സയ്ദ് ഉമര്‍ ശെയ്ഖ്, മുഷ്താഖ് അഹമദ് സര്‍ഗാര്‍ എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു വിമാനം വിട്ടുനല്‍കുന്നതിന് പകരമായി ഭീകരര്‍ ആവശ്യപ്പെട്ടത്. ഇന്ത്യ ഇത് അംഗീകരിക്കുകയായിരുന്നു.