ന്യുദല്‍ഹി ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും പാസ്‌പോര്‍ട്ടും അടക്കം ഒരു സേവനവും ആധാര്‍ നമ്പറുമായി ഇപ്പോള്‍ ബന്ധിപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൗരന്മാരുടെ സ്വകാര്യതാ അവകാശം ലംഘിക്കുന്ന ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ അന്തിമ വിധി വരുന്നതു വരെ ആധാര്‍ ബന്ധിപ്പിക്കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കരുതെന്നും കോടതി പറഞ്ഞു. കേസില്‍ വാദം ആരംഭിച്ചതിനുശേഷം രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടിയിരുന്നു. ഇതുപ്രകാരം ഈ മാസം 31 ആയിരുന്ന അവസാന തീയതി. ഇതാണിപ്പോള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കും സബ്‌സിഡി വിതരണത്തിനും ഇതു ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്്. സര്‍ക്കാര്‍ പദ്ധതികള്‍ക്കു പുറമെ ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് കമ്പനികളും ബാങ്കുകളും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് വലിയ ജനരോഷത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് പൊതുജനങ്ങള്‍ക്ക് ആശ്വാസമായ കോടതി ഉത്തരവ്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സ്വകാര്യ കമ്പനികളുടെ സേവനങ്ങള്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുന്നത് സ്വകാര്യതയുടെ ലംഘടനമാണെന്ന് ആധാറിനെതിരായ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിയമ സാധുത ഇല്ലാത്ത ആധാര്‍ നിയമം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്. മേയില്‍ കോടതി അവധിക്ക് പിരിയുന്നതിനു മുമ്പായി കേസില്‍ അന്തിമ വിധി ഉണ്ടാകാനിടയില്ലെന്നാണ് അഭിഭാഷകരുടെ പക്ഷം.