കോട്ടയം- കാഞ്ഞിരപ്പള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെടിവെച്ചുകൊന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യനാണ് (48) വെടിയേറ്റു മരിച്ചത്.
വെടി ഉതിർത്ത ജ്യേഷ്ഠൻ ജോർജ് കുര്യനെ (50) പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മാതൃ സഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളം കെ.ടി. മാത്യു സ്കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലം വിറ്റതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.
കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണു സംഭവം. കുടുംബ സ്വത്ത് ജോർജ് കുര്യൻ വിറ്റതുമായി ബന്ധപ്പെട്ട് വീട്ടിൽ തർക്കമുണ്ടായിരുന്നു. തർക്കം ഒത്തുതീർക്കുന്നതിനായി കുടുംബവീട്ടിൽ ചർച്ച നടക്കുന്നതിനിടെയാണ് സംഭവം. പ്രകോപിതനായ ജോർജ് കുര്യൻ തന്റെ കൈവശം സൂക്ഷിച്ചിരുന്ന റിവോൾവർ ഉപയോഗിച്ച് സഹോദരൻ രഞ്ജുവിനെ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രഞ്ജു തൽക്ഷണം മരിച്ചു. പോലീസ് തെളിവെടുപ്പ് നടത്തി. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.