മോസ്‌കോ- പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ശക്തമാക്കുകയും ബാങ്കുകള്‍ തമ്മിലുള്ള രാജ്യാന്തര പണമിടപാട് സംവിധാനമായ സ്വിഫ്റ്റില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ റഷ്യ വിടുന്ന രാജ്യാന്തര കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു. ഈ ഉപരോധങ്ങള്‍ക്കൊപ്പം ആകാശപാത വിലക്കിയതും ഗതാഗത മാര്‍ഗങ്ങള്‍ തടഞ്ഞതും കാരണം പല കമ്പനികളുടേയും വിതരണത്തേയും പണമിടപാടുകളേയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ റഷ്യല്‍ പ്രവര്‍ത്തിക്കുന്നത് ദുഷ്‌ക്കരമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്പനികളുടെ പിന്മാറ്റം.
ജനപ്രിയ മാധ്യമ കമ്പനിയായ നെറ്റ്ഫ്‌ളിക്‌സ്, ഇലക്ട്രോണിക്‌സ് ഭീമന്‍ സാംസങ്, ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ടിക്ക്‌ടോക്ക് എന്നിവരാണ് ഏറ്റവുമൊടുവില്‍ റഷ്യ വിട്ടത്. നേരത്തെ വീസ, മാസ്റ്റര്‍കാര്‍ഡ് എന്നീ രാജ്യാന്തര പേമെന്റ് കമ്പനികള്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. യുഎസ് വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ് മോട്ടോഴ്‌സ് എന്നിവരും ജര്‍മന്‍ കമ്പനി ഫോക്‌സ് വാഗന്‍ എജി, ജാപ്പനീസ് കമ്പനി ടൊയോട്ട എന്നിവരും റഷ്യയിലേക്കുള്ള കയറ്റുമതി നിര്‍ത്തിവെക്കുമെന്നും അവിടുത്തെ പ്ലാന്റുകള്‍ അടച്ചിടുമെന്നും പ്രഖ്യാപിച്ചിരുന്നു. നൈക്കി, മൈക്രോസോഫ്റ്റ്, ബിപി, ഷെല്‍, ഇക്വിനര്‍ തുടങ്ങി പ്രമുഖ രാജ്യാന്തര കമ്പനികളും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.