Sorry, you need to enable JavaScript to visit this website.

ലോകവനിതാ ദിനത്തിൽ ദീപമോൾ ചരിത്രത്തിന്റെ ഭാഗമാവും

കോട്ടയം- ലോകവനിതാ ദിനത്തിൽ ദീപമോൾ വളയം പിടിക്കും. ജീവിതങ്ങൾക്കു കാവലാളായി ആംബുലൻസ്് ഡ്രൈവറായി ദീപമോൾ ചുമതലയേൽക്കുമ്പോൾ അതു ചരിത്രമാകും. സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ മാറും. സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ ചുമതലയേൽക്കുന്നത്. നിലവിൽ രാജ്യത്ത് ട്രാവലർ ആംബുലൻസുകൾ ഓടിക്കുന്ന ചുരുക്കം വനിതകൾ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് ദീപമോൾക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറും.
ദീപമോളെ പോലുള്ളവർ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകൾക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആതുര സേവനത്തോടുള്ള താൽപര്യമാണ് ദീപമോളെ ഇപ്പോൾ കനിവ് 108 ആംബുലൻസസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലൻസ് ഡ്രൈവർ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോൾക്ക് അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു. ദീപമോൾക്ക് എല്ലാ ആശംസകളും മന്ത്രി നേർന്നു.
യാത്രകളോടുള്ള അതിയായ മോഹമാണ് 2008 ൽ ദീപമോളെ ആദ്യമായി ഡ്രൈവിംഗ്് ലൈസൻസ് എടുക്കാൻ പ്രേരിപ്പിച്ചത്. ഭർത്താവ് മോഹനന്റെ പിന്തുണയോടെ 2009 ൽ ദീപമോൾ വലിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഹെവി ലൈസൻസും കരസ്ഥമാക്കി. ഭർത്താവിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഡ്രൈവിംഗ് മേഖല തുടർന്ന് ഉപജീവന മാർഗമാക്കാൻ ദീപമോൾ തീരുമാനിച്ചു. ഡ്രൈവിംഗ് സ്‌കൂൾ അധ്യാപികയായും ടിപ്പർ ലോറി ഡ്രൈവറായും ടാക്സി ഡ്രൈവറായുമൊക്കെ ദീപമോൾ ജോലി ചെയ്തു.
2021 ൽ തന്റെ കാലങ്ങളായുള്ള കോട്ടയം ലഡാക് ബൈക്ക് യാത്ര എന്ന മോഹവും ദീപമോൾ സഫലീകരിച്ചു. ഭർത്താവ് മോഹനന്റെയും വിദ്യാർത്ഥിയായ ഏക മകൻ ദീപകിന്റെയും പിന്തുണയിൽ 16 ദിവസം കൊണ്ടാണ് ദീപമോൾ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്റെ ബൈക്കിൽ സഞ്ചരിച്ച് എത്തിയത്. കുന്ദംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏതൊരു തൊഴിലും ചെയ്യാനുള്ള മനോധൈര്യം സ്ത്രീകൾക്ക് ഉണ്ടാകണം. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കണമെന്നും ദീപമോൾ പറഞ്ഞു.
 

Latest News