ന്യൂദൽഹി- പ്രതിപക്ഷ നിരയുടെ ഐക്യവും തെരഞ്ഞെടുപ്പ് സഖ്യവും ലക്ഷ്യമിട്ട് യു.പി.എ ചെയർപേഴ്‌സൺ സോണിയാഗാന്ധി നടത്തുന്ന സൽക്കാരം ഇന്ന്. രാത്രി പത്തിന് നടക്കുന്ന സൽക്കാരത്തിൽ പതിനേഴ് പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും. അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ നിരയിലുള്ളവരെ കൂട്ടിയോജിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സോണിയ ഗാന്ധിയുടെ നീക്കം.
തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ, ഡി.എം.കെ നേതാവ് കനിമൊഴി, സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാല്‍ യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ ചടങ്ങിനെത്തും. ടി.ആർ.എസ്, ബി.ജെ.ഡി. ടി.ഡി.പി പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.വി.എം നേതാവുമായ ബാബുലാൽ മറാണ്ടി, ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഹേമന്ദ് സോറൻ, ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച ചീഫ് ജിതൻ റാം മാഞ്ചിയും യോഗത്തിനെത്തും. നിതീഷ് കുമാറിനൊപ്പം എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായിരുന്നു മാഞ്ചി കഴിഞ്ഞ ദിവസമാണ് മുന്നണി വിട്ടത്. ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവും ചടങ്ങിനെത്തും. ജനതാദൾ എസ്, കേരള കോൺഗ്രസ്, മുസ്്‌ലിം ലീഗ്, ആർ.എസ്.പി, രാഷ്ട്രീയ ലോക്ദൾ എന്നീ പാർട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ബി.എസ്.പി നേതാവ് മായാവതിയെയും ചടങ്ങിന് ക്ഷിച്ചിട്ടുണ്ടെങ്കിലും അവർ പങ്കെടുക്കാനുള്ള സാധ്യതയില്ല. ഇതൊരു അത്താഴ ചടങ്ങ് മാത്രമല്ലെന്നും പ്രതിപക്ഷ നിരയുടെ ഐക്യം പ്രദർശിപ്പിക്കുന്നതാണെന്നും കോൺഗ്രസ് വ്യക്തമാക്കി.