ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് ദേശീയ, പ്രാദേശിക ചാനലുകള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൊതുവെ കണക്കാക്കുന്നു. ബി.ജെ.പി സഖ്യത്തിന് 232 സീറ്റുകളും കോണ്‍ഗ്രസിന് നാല് സീറ്റുകളും സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് 150 സീറ്റുകളും ബി.എസ്.പിക്ക് 17 സീറ്റുകളുമാണ് പ്രവചിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ മൊത്തം സീറ്റുകള്‍ 403 ആണ്. സംസ്ഥാനത്ത് 300 ല്‍ കൂടുതല്‍ സീറ്റ് നേടുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അവകാശപ്പെട്ടിരുന്നത്.
2017 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 384 സീറ്റുകളില്‍ 312 ഉം കരസ്ഥമാക്കിയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്. സംസ്ഥാനം ഭരിച്ചിരുന്ന സമാജ് വാദി പാര്‍ട്ടിക്ക് മത്സരിച്ച 311 സീറ്റില്‍ 47 എണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. മായാവതിയുടെ ബി.എസ്.പി 19 ഉം കോണ്‍ഗ്രസ് ഏഴും സീറ്റുകളാണ് നേടിയിരുന്നത്.
യോഗി സര്‍ക്കാരിനെതിരായ വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാര്‍ട്ടി.