ന്യൂദല്‍ഹി- റഷ്യയുടെ യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനിലെ സുമിയില്‍ കുടുങ്ങിയ 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ദൗത്യം വീണ്ടും നിര്‍ത്തിവെച്ചു. രാജ്യത്തെ മൂന്ന് നഗരങ്ങളില്‍നിന്ന് റഷ്യയിലേക്കും ബെലാറസിലേക്കും മാനുഷിക ഇടനാഴി എന്ന റഷ്യന്‍ ആശയം ഉക്രൈന്‍ വീറ്റോ ചെയ്തതിനെ തുടര്‍ന്നാണിത്. തലസ്ഥാനമായ കീവ്, മരിയുപോള്‍, കിഴക്കന്‍ നഗരങ്ങളായ ഖാര്‍കീവ്, സുമി എന്നിവിടങ്ങളില്‍നിന്നാണ് ആളുകള്‍ക്ക് പുറത്തുകടക്കാന്‍ ഇടനാഴികള്‍ തുറക്കാമെന്ന് റഷ്യ സമ്മതിച്ചിരുന്നത്. അധാര്‍മിക നീക്കം മാത്രമെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യന്‍ ആശയം ഉക്രൈന്‍ തള്ളിയത്.
കൊടും തണുപ്പും ഭക്ഷണവും വെള്ളവും തീരുന്നതും കണക്കിലെടുത്ത് 50 കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. അനാവശ്യമായ അപകടസാധ്യതകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു.
ടെലിവിഷന്‍ ചിത്രം നിര്‍മിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും പ്രഖ്യാപിച്ച മാനുഷിക ഇടനാഴി തീര്‍ത്തും അധാര്‍മികമാണെന്നും ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ വക്താവ് കുറ്റപ്പെടുത്തി. ഉക്രൈനിലെ പൗരന്മാര്‍ക്ക് രാജ്യത്തിന്റെ ഏതു ഭാഗത്തേക്ക് പോകാനും സ്വാതന്ത്ര്യവും അവകാശവും ഉണ്ടായിരിക്കണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.