സൻആ- യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തു കഴിയുന്ന നഴ്സും പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയുമായ നിമിഷപ്രിയയുടെ (33) മുന്നിൽ നിയമമഴികൾ അടയുന്നു. വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരിവെച്ചിരിക്കയാണ്. യെമനിലെ സുപ്രീംകോടതിയുടെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാമെങ്കിലും അപ്പീൽകോടതിയുടെ തീർപ്പ് സുപ്രീം കോടതി പുനഃപരിശോധിക്കില്ലെന്നാണ് സൂചന. വധശിക്ഷാ വിധിയിലേക്കെത്തിയ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു മാത്രമാണ് സുപ്രീം കോടതി പരിശോധിക്കുക. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി രക്ഷപ്പെടുകയെന്ന മാർഗം മാത്രമാണ് ഇനി നിമിഷപ്രിയക്കു മുന്നിലുള്ളത്.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണു കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാലിന്റെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി വധശിക്ഷയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പുമൂലം വിജയിച്ചിരുന്നില്ല.
തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നായിരുന്നു കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിന് കാരണമായത്.