വിരുദാചലം- ട്രാന്‍സ് വ്യക്തിയായ മകള്‍ക്കായി വയസറിയിക്കല്‍ ചടങ്ങ് നടത്തി തമിഴ് ദമ്പതികള്‍. തമിഴ്‌നാട്ടിലെ കൂഡല്ലൂര്‍ ജില്ലയിലെ വിരുദച്ചലത്തെ കൊലാഞ്ചിഅമുത ദമ്പതികളാണ് തങ്ങളുടെ ഇരുപത്തിയൊന്ന് വയസ്സുള്ള നിഷയ്ക്ക് വേണ്ടിയാണ് ചടങ്ങുകള്‍ നടത്തിയത്. തമിഴ്‌നാട്ടില്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ നടത്തുന്ന ചടങ്ങാണ് വയസ്സറിയിക്കല്‍ ചടങ്ങ്. മകള്‍ക്കു വേണ്ടി ഈ ചടങ്ങ് നടത്താനും അമുദയും കൊലാഞ്ചിയും തീരുമാനിക്കുകയായിരുന്നു.ചടങ്ങിന് അടുത്ത ബന്ധുക്കളും അയല്‍വാസികളും സ്‌കൂളിലെ നിഷയുടെ സുഹൃത്തുക്കളുമെല്ലാം ചടങ്ങിന് എത്തിയിരുന്നു. നിഷാന്ത് എന്നായിരുന്നു കൊലാഞ്ചിയും അമുദയും നേരത്തെ മകന് പേരിട്ടിരുന്നത്. എന്നാല്‍ ട്രാന്‍സ് വ്യക്തിയായ നിഷാന്തിനെ ആദ്യം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടിറങ്ങി. പിന്നീട് ട്രാന്‍സ് സമൂഹത്തിനൊപ്പമായിരുന്നു നിഷാന്തിന്റെ താമസം.പിന്നീട് മനസ്സു മാറിയ അമുദയും കൊലാഞ്ചിയും ട്രാന്‍സ് വനിതയാകാനുള്ള നിഷാന്തിന്റെ തീരുമാനത്തിന് പിന്തുണ നല്‍കുകയായിരുന്നു. നിഷാന്തിനെ നിഷയായി ഇരുവരും വീട്ടിലേക്ക് സ്വീകരിച്ചു. നിഷാന്ത് എന്ന പേര് മാറ്റി നിഷ എന്ന പുതിയ പേര് നല്‍കിയതും മാതാപിതാക്കള്‍ തന്നെയാണ്. തന്റെ തീരുമാനവും മാറ്റവും അംഗീകരിച്ച വീട്ടുകാരോടും ബന്ധുക്കളോടും നന്ദിയുണ്ടെന്ന് നിഷ പ്രതികരിച്ചു. സ്വന്തം മക്കളുടെ ആഗ്രഹങ്ങള്‍ അംഗീകരിക്കാനും ബഹുമാനിക്കാനും തന്റെ മാതാപിതാക്കളെ പോലെ എല്ലാ രക്ഷിതാക്കളും തയ്യാറാവണമെന്നും നിഷ കൂട്ടിച്ചേര്‍ത്തു.