ശ്രീനഗർ- ശ്രീനഗറിൽ ഞായറാഴ്ച ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ മരിച്ചു. സ്ഫോടനത്തിൽ ഇതുവരെ രണ്ട് പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദർഗ ഹസ്രത്ബാലിൽ താമസിക്കുന്ന പത്തൊമ്പതുകാരിയായ റാഫിയ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ശ്രീനഗറിലെ എസ്‌എംഎച്ച്‌എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അമീറ കദലിന് സമീപത്തെ തിരക്കേറിയ മാർക്കറ്റിലായിരുന്നു ഗ്രനേഡ് ആക്രമണം. ഞായറാഴ്ച ഷോപ്പിംഗിനായി ധാരാളം ആളുകൾ എത്തിയിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു.
ശ്രീനഗർ നഗരത്തിലെ വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അക്രമിയെ തിരിച്ചറിയാനും പിടികൂടാനും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.