അഹമ്മദാബാദ് - ഗുജറാത്തിലെ ഇഷ്‌റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെന്ന് ഈ കേസിലെ മുഖ്യപ്രതിയായ മുൻ ഐ.പി.എസ് ഓഫീസർ ഡി.ജി വൻസാര. തന്നെ മുഖ്യപ്രതിയാക്കി സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്നും കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യേക സി.ബി.ഐ കോടതിയിൽ നൽകിയ പരാതിയിലാണ് വൻസാര ഇക്കാര്യം വ്യക്തമാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് സർക്കാരിനെ അട്ടിമറിക്കാൻ യു.പി.എയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ തയാറാക്കിയ പദ്ധതിയുടെ ഭാഗമാണ് ഈ കേസിൽ സിബിഐയുടെ കുറ്റപത്രമെന്നും അദ്ദേഹം ആരോപിച്ചു.
മോഡിയെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇതു രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന മോഡിയെ കേസിൽ പ്രതിയാക്കാനുളള ശ്രമങ്ങളാണ് അന്ന് അന്വേഷണ സംഘം നടത്തിയിരുന്നതെന്നും അതു കൊണ്ടു തന്നെ ഈ കുറ്റപത്രം കെട്ടിച്ചമച്ചതാണെന്നും കുറ്റവിമുക്തമാക്കൽ ഹർജയിൽ വൻസാര ആരോപിച്ചു. കേസിലെ സാക്ഷികൾ ആരും വിശ്വസിക്കാവുന്നവരല്ലെന്നും വൻസാര വാദിക്കുന്നു.
എന്നാൽ അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഈ ആരോപണം നിഷേധിച്ചു. മോഡിയെ ചോദ്യം ചെയ്തുവന്നത് പൂർണമായും അസത്യമാണെന്ന് പേരു വെളിപ്പെടുത്താതെ അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് മാർച്ച് 28നകം മറുപടി നൽകാൻ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.