ശ്രീനഗര്‍- കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ദി കശ്മീര്‍ വാല എഡിറ്റര്‍ ഇന്‍ ചീഫും രാജ്യാന്തര പ്രശസ്തനായ യുവ മാധ്യമപ്രവര്‍ത്തകനുമായ ഫഹദ് ഷായെ കശ്മീര്‍ പോലീസ് മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. ഇത് മൂന്നാം തവണയാണ് ഫഹദിനെ അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി നാലിനാണ് ഫഹദിനെ ആദ്യം അറസ്റ്റ് ചെയ്തത്. 22 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞതിനു ശേഷം ഫെബ്രുവരി 26ന് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം ഷോപ്പിയാന്‍ പോലീസ് ഫഹദിനെ വീണ്ടും അറസ്റ്റ് ചെയ്തു. ഭീകരതയെ അനുകൂലിച്ചതിനും പോലീസിന്റെ പ്രതിച്ഛായ മോശമാക്കിയതിനും രാജ്യത്തിനെതിരെ അതൃപ്തി പ്രചരിപ്പിച്ചതിനുമാണ് ഫഹദിനെതിരെ മൂന്ന് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ജനുവരി 26ന് റിപബ്ലിക് ദിനം ആഘോഷിക്കാന്‍ ഷോപ്പിയാനിലെ ഒരു ഇസ്ലാമിക സ്ഥാപനത്തെ സൈന്യം നിര്‍ബന്ധിച്ചുവെന്ന് റിപോര്‍ട്ട് ചെയ്തതിന് സൈന്യം നല്‍കിയ പരാതിയിലായിരുന്നു ഫദഹിനെ വീണ്ടും അറസ്റ്റ് ചെയ്തത്. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട വിഘടനവാദികളില്‍ ഒരാളുടെ കുടുംബം പോലീസിന്റെ വാദങ്ങള്‍ തള്ളിയത് റിപോര്‍ട്ട് ചെയ്തതിനാണ് ഫഹദിനെതിരെ മൂന്നാമത്തെ കേസ്.
ടൈം, ഫോറിന്‍ അഫയേഴ്‌സ്, ഫോറിന്‍ പോളിസി തുടങ്ങിയ ആഗോള തലത്തില്‍ പ്രശസ്തമായ മാധ്യമങ്ങളില്‍ എഴുതാറുള്ള ഫഹദ് ഷാ 2021ലെ ഹ്യൂമന്റൈറ്റ്‌സ് പ്രസ് അവാര്‍ഡ്‌സ് ജേതാവ് കൂടിയാണ്. 2020ല്‍ ദല്‍ഹിയിലുണ്ടായ മുസ്ലിംവിരുദ്ധ കലാപം റിപോര്‍ട്ട് ചെയ്തതിനായിരുന്നു ഈ പുരസ്‌കാരം.