Sorry, you need to enable JavaScript to visit this website.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ  അന്തരിച്ചു

മലപ്പുറം- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത സംസ്ഥാന വൈസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. .75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി ശിഹാബ് തങ്ങൾ. മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പരേതനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, വഖഫ് ബോർഡ് മുൻ ചെയർമാൻ പരേതനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചതിനെ തുടർന്നാണ് മുസ്്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയിൽ എത്തിയത്. പതിനെട്ട് വർഷത്തോളം മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. 
മുസ്ലിം ലീഗ് നേതാവായിരുന്ന പുതിയ മാളിയേക്കൽ സയ്യിദ് അഹ്‌മദ് പൂക്കോയ തങ്ങളുടെയും ആയിശബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂൺ 15-നാണ് ഹൈദരലി ശിഹാബ് തങ്ങൾ ജനിച്ചത്. ഹൈദരലി തങ്ങൾക്ക് രണ്ടു വയാസ് പ്രായമുള്ള സമയത്താണ് ഹൈദരാബാദ് ആക്ഷന്റെ പേരിൽ പൂക്കോയതങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ഉമ്മ ആയിശ ബീവി ഉമ്മ ക്ഷയരോഗം ബാധിച്ച് കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് ചികിത്സയിലായിരുന്നു. മഞ്ചേരി സബ്ജയിലിൽ രണ്ടുദിവസവും കോഴിക്കോട് ജയിലിൽ രണ്ടാഴ്ചയുമായി പിതാവ് പൂക്കോയ തങ്ങൾ കഴിഞ്ഞു. തൊട്ടടുത്ത വർഷം ഉമ്മ മരിച്ചു. ഉപ്പയുടെ സഹോദരി മുത്തുബീവിയാണ് പിന്നീട് ഹൈദരലി തങ്ങളെ വളർത്തിയത്. മക്കളില്ലാത്ത മുത്തുബീവി കൊടപ്പനക്കലായിരുന്നു താമസം.
പൂക്കോയതങ്ങൾ മരിച്ചതോടെ അദ്ദേഹത്തിന്റെ മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയാണ് ശിഹാബ് തങ്ങളെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. മതരംഗത്തെ ചുമതല ഉമറലി ശിഹാബ് തങ്ങളും ഏറ്റെടുത്തു.  കുടുംബക്കാർക്കും നാട്ടുകാർക്കും ഹൈദരലി തങ്ങൾ 'ആറ്റപ്പൂ' ആയിരുന്നു. 
നാട്ടിലെ പ്രാഥമിക പഠനത്തിനു ശേഷം, ഹൈദരലി തങ്ങളുടെ ഹൈസ്‌കൂൾ പഠനം കോഴിക്കോട്ടായിരുന്നു. ആ ഭാഗത്ത് അന്ന് മലപ്പുറത്ത് മാത്രമാണ് ഹൈസ്‌കൂൾ ഉണ്ടായിരുന്നത്. ശൈഖ് പള്ളിക്കു സമീപം അമ്മായിയുടെ 'കോയ വീട് 'എന്ന വീട്ടിൽ താമസിച്ച്, കോഴിക്കോട് മദ്റസത്തുൽ മുഹമ്മദിയയിൽ നിന്നും എസ്.എസ്.എൽ.സി നേടി. തുടർന്ന് ദർസ് പഠനം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ തിരുന്നാവായക്കടുത്ത കോന്നല്ലൂർ, പൊന്നാനി മഊനത്ത് അറബിക് കോളജ് എന്നിവിടങ്ങളിൽ നിന്നും മതവിദ്യാഭ്യാസം നേടി. പ്രശസ്ത പണ്ഡിതനും സാത്വികനുമായിരുന്ന കുഞ്ഞാലൻ മുസ്ലിയാർ കാട്ടിപ്പരുത്തിയായിരുന്നു ഗുരു. ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിൽ ചേർന്നു. 
1977-ൽ മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ മഹല്ല് പള്ളി-മദ്റസയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. 1979-ൽ കരുവാരക്കുണ്ട് ദാറുന്നജാത്ത് അനാഥ-അഗതി മന്ദിരത്തിന്റെ പ്രസിഡന്റായി. 1994-ൽ കൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറ മഹല്ല് ഖാളിയായി.
കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. മക്കൾ: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈൻ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കൾ: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂർ.

 

Latest News